പ്രവാസി വനിത വിഭാഗം പ്രതിഷേധ സംഗമം
text_fieldsജിദ്ദ: പ്രവാസി സാംസ്കാരിക വേദി വനിത വിഭാഗം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നിയമം അന്യായവും അപലപനീയവുമാണെന്നും രാജ്യനിവാസികളെ മതത്തിെൻറ അടിസ്ഥാനത്തിൽ വിഭജിക്കുകയാണ് ലക്ഷ്യമെന്നും സംഗമം ഉദ്ഘാടനം ചെയ്ത് ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം വൈസ് പ്രസിഡൻറ് സഫിയ അലി അഭിപ്രായപ്പെട്ടു. ആപത്കരമായ ഈ നിയമത്തിനെതിരെ രാജ്യനിവാസികൾ മത രാഷ്ട്രീയ പക്ഷപാതമില്ലാതെ ഒറ്റക്കെട്ടായിനിന്ന് പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് വനിത സംഗമം ആവശ്യപ്പെട്ടു. പ്രവാസി സാംസ്കാരിക വേദി വനിത വിഭാഗം പ്രസിഡൻറ് സുഹറ ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീഖത് നന്ദി പറഞ്ഞു.
ഇന്ത്യയെ വെട്ടിമുറിക്കാനുള്ള സംഘ്പരിവാർ അജണ്ട –പി.സി.എഫ്
ദമ്മാം: പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ വെട്ടിമുറിക്കാനുള്ള സംഘ്പരിവാർ അജണ്ടയാണെന്ന് പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) അൽഖോബാർ മേഖല കമ്മിറ്റി ആരോപിച്ചു. പൗരന്മാരെ രണ്ടായി തരംതിരിച്ച് നാടിനെ വെട്ടിമുറിച്ച് ഇന്ത്യയുടെ ബഹുസ്വരതയെ അവതാളത്തിലാക്കുന്ന സമീപനമാണ് കേന്ദ്ര ഗവൺമെൻറ് മുന്നോട്ടുവെക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. പി.ടി. കോയ പൂക്കിപറമ്പ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ ഫൈസി കൊട്ടുകാട്, നിസാം വെള്ളാവിൽ, ബദറുദ്ദീൻ ആദിക്കാട്ടുകുളങ്ങര, ഷാജഹാൻ കൊട്ടുകാട്, അഷറഫ് ശാസ്താംകോട്ട, മുസ്തഫ പട്ടാമ്പി, സലീം ചന്ദ്രാപ്പിന്നി, അഫ്സൽ ചിറ്റുമൂല എന്നിവർ പങ്കെടുത്തു. നവാസ് ഐ.സി.എസ് സ്വാഗതവും യഹിയ മുട്ടയ്ക്കാവ് നന്ദിയും പറഞ്ഞു.
കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു
റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിയാദ് കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ബത്ഹയിലെ സോന ഔഡിറ്റോറിയത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിന് സിദ്ദീഖ് കല്ലുപറമ്പൻ, സലിം വാഴക്കാട്, ആദം ചെമ്പൻ, ഹുസൈൻ മാടാല, ബനൂജ് പുലത്തിൽ, രതീഷ് ചെമ്മാട്, എം.ടി. അഹമ്മദ് കുട്ടി, അസ്ലം ചെമ്മാട്, ജമാൽ മൊയ്തീൻ, അമീർ അബ്ബാസ്, ഹബീബുല്ല, സുൽഫിക്കറലി, മുജീബ് പെരിന്തൽമണ്ണ, ശിബിൽ, കെ.പി. സിദ്ദീഖ് എന്നിവർ നേതൃത്വം നല്കി.

ദമ്മാം: ഭരണഘടനാവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ രീതിയിൽ സമരരംഗത്തിറങ്ങിയ ജാമിഅ മില്ലിയ ഇസ്ലാമിയ യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ ജ്യൂഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നു തനിമ കേന്ദ്ര സെക്രേട്ടറിയറ്റ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.ഡൽഹിയിൽ നടന്ന പ്രതിഷേധത്തെ വഴിതിരിച്ചുവിടുന്നതിൽ ഹീനമായ ശ്രമങ്ങളാണ് പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായത്. ജാമിഅ മില്ലിയ, അലീഗഢ് യൂനിവേഴ്സിറ്റി, ബനാറസ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലുണ്ടായ കനത്തപ്രതിഷേധത്തിന് ശേഷം പ്രക്ഷോഭം ഇപ്പോൾ ലഖ്നോ യൂനിവേഴ്സിറ്റിയിലേക്കും പടർന്നിരിക്കയാണ്. പോലീസിനെ രംഗത്തിറക്കി ഉരുക്കു മുഷ്ടികൊണ്ട് പ്രക്ഷോഭകരെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുസ്ലിംകളെ മാത്രം പൗരത്വത്തിൽനിന്ന് അകറ്റിനിർത്തുന്ന നിയമം തീർത്തും വിചിത്രവും പ്രകോപനപരവുമാണ്. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ ചാർട്ടറിനും ജനാധിപത്യത്തിെൻറയും നീതിയുടെയും ആഗോള തത്ത്വങ്ങൾക്കും ഈ നിയമം എതിരാണെന്ന് മാത്രമല്ല, ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വത്തിന് എതിരും ജനാധിപത്യ, മതേതര സ്വഭാവത്തെ തീർത്തും ഇല്ലാതാക്കുന്നതുമാണ്. ഭേദഗതിനിയമത്തിനെതിരെ നിയമപരമായ രീതിയിൽ പ്രതിഷേധിക്കാൻ ജനാധിപത്യ ഇന്ത്യയിലെ പൗരന്മാർക്ക് അവകാശമുണ്ട്. അതിെൻറ ഭാഗമായി പ്രതിഷേധ രംഗത്തിറങ്ങിയവരെ, പ്രത്യേകിച്ചും വിദ്യാർഥി സമൂഹത്തെ ജനാധിപത്യത്തിലും ഇന്ത്യൻ ഭരണഘടനയിലും വിശ്വസിക്കുന്നവർ പിന്തുണക്കേണ്ടതുണ്ടെന്ന് തനിമ കേന്ദ്ര സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറ
ഞ്ഞു.
വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമങ്ങള്‍ നീതീകരിക്കാനാവില്ല –ഐ.സി.എഫ്
ജിദ്ദ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയയിലെയും അലീഗഢിലെയും വിദ്യാര്‍ഥികള്‍ക്കുനേരെ ഭരണകൂടം നടത്തിയ നിഷ്ഠുര അക്രമങ്ങള്‍ നീതീകരിക്കാനാവില്ലെന്ന് ഐ.സി.എഫ് നാഷനല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് രാഷ്ട്രത്തിെൻറ മതേതരസ്വഭാവം തകര്‍ക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സമരത്തിനിറങ്ങിയ വിദ്യാര്‍ഥികള്‍ക്കുനേരെയാണ് പൊലീസ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. രാജ്യത്തിെൻറ മതേതര പാരമ്പര്യം തകര്‍ക്കാനുള്ള ഭരണകൂട ഭീകരതക്കെതിരെയുള്ള ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാനുള്ള ശ്രമം വിജയിക്കില്ല. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒന്നിച്ചുനിന്നുള്ള പാരമ്പര്യമാണ് ഇന്ത്യന്‍ ജനതക്കുള്ളത്. സയ്യിദ് ഹബീബ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ബഷീര്‍ എറണാകുളം, നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, സിറാജ് കുറ്റ്യാടി, അബ്ദുസ്സലാം വടകര എന്നിവർ സംബന്ധിച്ചു. എം.കെ. അഷ്റഫലി സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.