പ്രവാസികള്‍ക്ക് ആശങ്കയും ആശ്വാസവും സമ്മാനിച്ച് സൗദി ബജറ്റ്
text_fieldsറിയാദ്: പ്രവാസികള്‍ക്ക് ഒരേസമയം ആശങ്കയും ആശ്വാസവും നല്‍കി സൗദി ബജറ്റ്. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കുടുംബസമേതം കഴിയുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളില്‍ ഓരോരുത്തര്‍ക്കും പ്രതിമാസം 100 റിയാല്‍ നല്‍കണം. 2019ഓടെ ഇത് 300 റിയാലാകും.
ഒന്നിലധികം കുടുംബാംഗങ്ങളുള്ള പ്രവാസികള്‍ക്ക് ഇത് കനത്ത ബാധ്യതയുണ്ടാക്കും. 2018ല്‍ ഇതുവഴി 100 കോടി അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ സ്വകാര്യ സ്പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ ഒരു വര്‍ഷം ഇഖാമ തുകയും ലെവിയുമുള്‍പ്പെടെ 3,100 റിയാലാണ് നല്‍കേണ്ടത്.
ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നാല്‍ ഓരോ കുടുംബാംഗത്തിനും വര്‍ഷത്തില്‍ 1,200 റിയാല്‍കൂടി അധികം നല്‍കേണ്ടിവരും. ഈ തുക എന്നു മുതല്‍ നല്‍കണമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, പ്രവാസികള്‍ക്ക് വരുമാന നികുതിയോ നാട്ടിലേക്ക് അയക്കുന്ന തുകക്ക് നികുതിയോ ഇല്ല. 2018 മുതല്‍ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തും.
വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ലാത്തത് ആശ്വാസമാണ്. വരുമാന നികുതി ഏര്‍പ്പെടുത്തില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയുടെ സ്വപ്നപദ്ധതിയായ വിഷന്‍ 2030 നടപ്പാക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിച്ച ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2020 ലക്ഷ്യമാക്കിയ തീരുമാനങ്ങളാണ് ബജറ്റിലുള്ളത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭദ്രമായ സാമ്പത്തികാടിത്തറയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ ഓരോ ജീവനക്കാരനും 400 റിയാല്‍ പ്രതിമാസം അധികം നല്‍കണം. സ്വദേശികളെക്കാള്‍ കുറവാണ് വിദേശികളെങ്കില്‍ 300 റിയാലാണ് നല്‍കേണ്ടത്.
വിദേശികളെക്കാള്‍ കുറവാണ് സ്വദേശികളെങ്കില്‍ 300 റിയാലാണ് നികുതി. ഇത് 800 റിയാല്‍ വരെ നല്‍കേണ്ട കമ്പനികളുണ്ട്.
ഏത് രീതിയിലാണ് ഇത് വിഭജിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. 2020നുള്ളില്‍ ഈയിനത്തില്‍ 4,400 കോടി റിയാലിന്‍െറ വരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അവശ്യ സേവനങ്ങളുടെ വില അഞ്ചു വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കും. പഞ്ചസാരയുടെയും പാനീയങ്ങളുടെയും സബ്സിഡി എടുത്തുകളയാനുള്ള തീരുമാനം തുടരും. സന്ദര്‍ശക വിസകള്‍ക്ക് വര്‍ധിപ്പിച്ച തുക പിന്‍വലിക്കില്ല. 2018ല്‍ എണ്ണയിതര മേഖലയില്‍നിന്നുള്ള വരുമാനത്തില്‍ 2.3 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 2019ല്‍ ഇത് നാലായി വര്‍ധിക്കുമെന്നും കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.