ഇരുപത്തേഴാം രാവിന്‍റെ പുണ്യം; പ്രാർഥനാമുഖരിതമായി ഇരുഹറമുകളും PHOTOS
text_fieldsമക്ക: റമദാൻ 27-ാം രാവിന്‍റ പുണ്യംതേടി ഭക്തലക്ഷങ്ങൾ ഒഴുകിയെത്തിയപ്പോൾ പ്രാർഥനാമുഖരിതമായി ഇരുഹറമുകളും. സ്വദേശികളും വിദേശികളുമായ ജനലക്ഷങ്ങളാണ് ബുധനാഴ്ച രാത്രിയിൽ മക്കയിലെയും മദീനയിലെയും ഹറമുകളിലെത്തിയത്. രാവിലെ മുതൽ മക്കയിലേക്ക് തീർഥാടകരുടെ ഒഴുക്കായിരുന്നു. നമസ്കാര വേളയിൽ മസ്ജിദുൽ ഹറാമിന്‍റെ മുഴുവൻ നിലകളും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു.
പാപമോചനം തേടിയും ഖുർആൻ പാരായണം ചെയ്തും നേരം പുലരുവോളം ആളുകൾ ഹറമിൽ കഴിച്ചുകൂട്ടി. തീർഥാടകർക്കും മക്കനിവാസികൾക്കും പുറമെ പരിസരപ്രദേശങ്ങളിൽ നിന്നും രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുമെത്തിയ ലക്ഷങ്ങളാണ് ഹറമിൽ 27-ാം രാവിന് സാക്ഷികളായത്. വർധിച്ച തിരക്ക് കണക്കിലെടുത്ത് സുരക്ഷാവിഭാഗവും ഇരുഹറം കാര്യാലയവും വേണ്ട ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു.
ശുചീകരണ, അണുമുക്തമാക്കൽ ജോലികൾക്കും സംസം വിതരണത്തിനും കൂടുതൽ ആളുകളെ നിയോഗിച്ചിരുന്നു. മുഴുവൻ കവാടങ്ങളും തുറന്നിട്ടു. തിരക്കൊഴിവാക്കാൻ പോക്കുവരവുകൾക്ക് പ്രത്യേകപാതകളും കവാടങ്ങളും ഒരുക്കി. ക്രൗഡ് മാനേജ്മെൻറിന് കീഴിൽ 400 പേരെ നിയോഗിച്ചിരുന്നു. സുരക്ഷാ നിരീക്ഷണത്തിനും ട്രാഫിക് നിയന്ത്രണത്തിനും കൂടുതൽ പേർ രംഗത്തുണ്ടായിരുന്നു. ആരോഗ്യ നിരീക്ഷണത്തിന് മക്ക ആരോഗ്യ കാര്യാലയത്തിന് കീഴിൽ പ്രത്യേക സംഘങ്ങളെ ഹറമിനകത്തും മുറ്റത്തും നിയോഗിച്ചിരുന്നു.
ഏത് അടിയന്തരഘട്ടം നേരിടാനും സിവിൽ ഡിഫൻസും നിലയുറപ്പിച്ചിരുന്നു. ഹറം പരിസരത്തെ മുഴുവൻസമയ ശുചീകരണത്തിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും മുനിസിപ്പിറ്റിയും കൂടുതൽ തൊഴിലാളികളെ രംഗത്തിറക്കിയിരുന്നു. മഗ്രിബ് നമസ്കാരശേഷം മക്ക ഹറമിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിശ്വാസികളെ അഭിസംബോധന ചെയ്തു. 27-ാം രാവിൽ ഹറമിലെത്തിയ എല്ലാവരെയും അഭിനന്ദിച്ചു.
ഹറമിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സുരക്ഷക്കും സൗകര്യത്തിനും വേണ്ടി എല്ലാവരും ജീവനക്കാരുമായി സഹകരിക്കണം. ഹറമിന്‍റെ പവിത്രത എല്ലാവരും പാലിക്കണം. വിനയവും കാരുണ്യവും കാണിക്കണമെന്നും തിക്കും തിരക്കുമൊഴിവാക്കണമെന്നും ഇരുഹറം കാര്യാലയ മേധാവി ആവശ്യപ്പെട്ടു. സുരക്ഷയും സൗകര്യവും പരിഗണിച്ചും നേരത്തെ പോകാൻ ഉദേശിക്കുന്നവർക്ക് പോകാനും വേണ്ടി ഇരുഹറമുകളിലും റമദാൻ 29-ാം രാവിൽ വെള്ളിയാഴ്ച തറാവീഹ് നമസ്കാരത്തിനിടയിലായിരിക്കും 'ഖത്മുൽ' പ്രാർഥനയുണ്ടാകുകയെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.