ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ടവരാണ് പ്രബോധകർ -പി.എൻ. അബ്ദുല്ലത്തീഫ് മദനി
text_fieldsറിയാദ്: ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവർക്കിടയിൽ പ്രവർത്തിക്കേണ്ടവരാണ് പ്രബോധകർ എന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് പി.എൻ. അബ്ദുലത്തീഫ് മദനി പറഞ്ഞു. നമുക്ക് ചുറ്റും ജീവിക്കുന്ന പ്രവാസി മലയാളി സഹോദരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രയാസങ്ങളും പ്രതിസന്ധികളും അറിയാനും വിശ്വാസപരവും വൈയക്തികവുമായ പരിഹാരങ്ങളിലേക്ക് വഴിനടത്താനും നമുക്ക് സാധിക്കേണ്ടതുണ്ട്. വൈകാരികമായ പ്രതികരണങ്ങൾക്കപ്പുറം വിവേകം നയിക്കുന്ന നയവും നിലപാടുകളുമാണ് നമുക്കുണ്ടാവേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദിൽ അൽമിഫ്താഹ്-2 ദഅ്വ വർക്ക്ഷോപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി ഇസ്ലാഹി പ്രസ്ഥാനം നിർവഹിച്ചുപോരുന്ന മതപരവും സാമൂഹികവുമായ ഇടപെടലുകൾ ശക്തവും സുചിന്തിതവുമായി നടപ്പാക്കേണ്ടത് ഇന്ന് കാലം ആവശ്യപ്പെടുന്ന ദൗത്യമെന്ന് നാം തിരിച്ചറിയണമെന്ന് ഖുർആൻ പരിഭാഷകൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉണർത്തി. വിസ്ഡം വൈസ് പ്രസിഡൻറ് അബൂബക്കർ സലഫി, ജാമിഅഃ അൽഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി എന്നിവർ സംസാരിച്ചു.
നേർപഥം വാരികയുടെ സൗദിയിലെ പ്രചാരണം കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശരീഫ് എലാങ്കോട്, ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, കൺവീനർ ജഅഫർ പൊന്നാനി, ഫയാസ് കുറ്റിച്ചിറ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഷുക്കൂർ ചക്കരക്കല്ല് മോഡറേറ്ററായിരുന്നു. നിച്ച് ഓഫ് ട്രൂത്ത് റിയാദ് ചെയർമാൻ യൂസുഫ് ശരീഫ് സ്വാഗതവും കൺവീനർ മുഹമ്മദ് കൊല്ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.