അറബ് ഓണത്തിന് ഒരുക്കം തകൃതി; മണ്ണിലും മനസ്സിലും ആഘോഷം
text_fieldsറിയാദ്: കതിരണിഞ്ഞ വയലുകളോ കർക്കടകപ്പെയ്ത്തിന് മുളച്ച പൂക്കളോ ചിന്നിപ്പെയ്യുന്ന മഴയോ ഇല്ല. ഈത്തപ്പഴം പഴുക്കാനുള്ള കൊടും ചൂടാണ് അറേബ്യയിലാകെ. എന്നാൽ, മലയാളികളുടെ ഓണാഘോഷത്തിന് ഈ പ്രതികൂല സാഹചര്യങ്ങളൊന്നും തടസ്സമല്ല. പ്രവാസികൾ ഓണാഘോഷത്തിനുള്ള ഒരുക്കമെല്ലാം തുടങ്ങിക്കഴിഞ്ഞു.
കേരളത്തിൽനിന്ന് അറേബ്യയിലേക്ക് ആദ്യം ഓണത്തെ കൊണ്ടുവരുന്നത് ഹൈപ്പർ മാർക്കറ്റുകളാണ്. ഓണക്കോടിക്ക് കസവുമുണ്ടും കസവുസാരിയും ധാവണി കിറ്റും എത്തിച്ച് ആഘോഷത്തിന്റെ വരവറിയിച്ചിട്ടുണ്ട് അവർ. ചേനയും ചേമ്പും പച്ചക്കായയും പാവക്കയും തുടങ്ങി പച്ചക്കറികളെല്ലാം സൂപ്പർ മാർക്കറ്റുകളുടെ റാക്കുകളിൽ നിരന്നുകഴിഞ്ഞു. അടുത്ത വാരാന്ത്യത്തോടെ ഓണാഘോഷത്തിന് പ്രവാസലോകത്ത് കളമൊരുങ്ങും.
ഓണം കേരളക്കര വിട്ടാലും മറുകരയിലെ ഗൾഫ് കേരളത്തിൽ അടുത്തൊരു ഉത്സവമെത്തും വരെ ആഘോഷം തുടരും. തിരയടങ്ങാതെ അലയടിച്ചുകൊണ്ടിരിക്കും പ്രവാസികളുടെ മണ്ണിലും മനസ്സിലും ഓണം.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കലാസംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി മലയാളി സ്പർശമുള്ളിടങ്ങളിലെല്ലാം ഓണപ്പൂക്കളവും വിഭവസമൃദ്ധമായ സദ്യയുമൊരുക്കി ഓണാഘോഷമുണ്ടാകും.
ഐക്യത്തിന്റെ പൂമ്പൊടി പാറുന്ന ഓണത്തിന് പ്രവാസലോകത്ത് മലയാളികൾ മാത്രമല്ല പങ്കാളികളാകുന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നെത്തിയ വ്യത്യസ്ത ദേശക്കാരും ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും ആഘോഷങ്ങൾക്ക് പൊലിവേറ്റാൻ കളത്തിലിറങ്ങും.ഓണം എന്നായാലും വാരാന്ത്യ അവധിയിലാണ് ഓണാഘോഷം ഗൾഫ് നാടുകളിൽ സജീവമാകുന്നത്. നേരത്തെതന്നെ റസ്റ്റാറന്റുകളും ഹോട്ടലുകളും ഇസ്തിറാഹകളും (കല്യാണ മണ്ഡപങ്ങൾ) ഇതിനായി ബുക്ക് ചെയ്യും.
പൂക്കള മത്സരവും പുലികളിയും കലാപ്രകടനങ്ങളും മാവേലിയും എല്ലാം കേരളത്തേക്കാൾ കേമമാണ് അറേബ്യയിലെ ഓണോത്സവങ്ങളിൽ. വീട്ടിൽ സദ്യയൊരുക്കി സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ക്ഷണിച്ച് ഓണം ആഘോഷിക്കുന്നവരും കുറവല്ല. അറബികളുടെ കേരളത്തിലേക്കുള്ള വിനോദയാത്ര പെരുകിയതും സോഷ്യൽ മീഡിയയുടെ സ്വാധീനവും കാരണം ഓണാഘോഷത്തിന്റെ ഉള്ളടക്കം അറബികൾക്കും സുപരിചിതമാണിപ്പോൾ. സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമായ ഓണത്തിന് സദ്യയുണ്ണാൻ മലയാളികൾക്കൊപ്പം ഇലയിട്ടിരിക്കുന്നവരിൽ അറബികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.