നമസ്കരിക്കാനെത്തുന്നവർക്കായി മക്കയിൽ ഒരുക്കം പൂർത്തിയായി
text_fieldsജിദ്ദ: മക്ക മസ്ജിദുൽ ഹറമിൽ നമസ്കരിക്കാനെത്തുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കം പൂർത്തിയായി. ഉംറ തീർഥാടനത്തിെൻറ രണ്ടാംഘട്ടം ആരംഭിക്കുന്ന ഞായറാഴ്ച മുതലാണ് കർശനമായ ആരോഗ്യ മുൻകരുതലുകൾ പാലിച്ച് ഹറമിൽ നമസ്കരിക്കാനെത്തുന്നവരെ പ്രവേശിപ്പിക്കുന്നത്. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിെൻറ നിർദേശാനുസരണം രണ്ടാംഘട്ടം ആരംഭിക്കുന്നതിന് മുമ്പ് ഹറമിലെ ശുചീകരണ, അണുമുക്തമാക്കൽ ജോലികൾ ഇരട്ടിയാക്കിയതായി വക്താവ് ഹാനീ ബിൻ ഹുസ്നി ഹൈദർ പറഞ്ഞു.
ദിവസവും 10 പ്രാവശ്യം ഹറം അണുമുക്തമാക്കുന്നുണ്ട്. നമസ്കരിക്കാനെത്തുന്നവർക്ക് പ്രത്യേക പാത നിശ്ചയിച്ചിട്ടുണ്ട്. ഇഅ്തർമനാ ആപിൽ തെരഞ്ഞെടുത്ത പോയൻറിൽനിന്നാണ് ആളുകളെ നമസ്കാര സ്ഥലങ്ങളിലേക്ക് കൊണ്ടുവരുക. നമസ്കാരത്തിനു നിൽക്കേണ്ട സ്ഥലം വ്യക്തമാക്കുന്നതിന് സ്റ്റിക്കർ പതിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചാണ് നമസ്കാര സ്ഥലം ഒരുക്കിയിരിക്കുന്നത്. ആളുകൾക്കിടയിൽ ഒന്നര മീറ്റർ അകലമുണ്ടായിരിക്കുമെന്നും വക്താവ് പറഞ്ഞു. ഇഷ്യു ചെയ്ത അനുമതി പത്രങ്ങളിലെ സമയം എല്ലാവരും പാലിക്കണം. മാസ്ക് ധരിക്കുക, ഇടക്കിടെ കൈകൾ അണുമുക്തമാക്കുക തുടങ്ങിയ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കണം. ഹറം കാര്യാലയ ജീവനക്കാരോടും സേവനനിരതരായ ആളുകളോടും സഹകരിക്കണം. ഹറമിലേക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരരുതെന്നും പ്രവേശനത്തിനും പുറത്തുകടക്കാനും നിശ്ചയിച്ച സമയങ്ങൾ പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.