വാക്സിൻ വിതരണത്തിന് ഒരുക്കങ്ങൾ തുടങ്ങി
text_fieldsറിയാദ്: കോവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ സൗദിയിൽ തുടങ്ങി. പ്രമുഖ ആഗോള മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച ഫൈസർ ബയോ എൻടെക് വാക്സിൻ രാജ്യത്തെത്തിക്കും.
വിമാനങ്ങളിൽ കൊണ്ടുവരുന്ന വാക്സിനുകൾ സൂക്ഷിക്കാൻ റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിൽ ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു ഡോസ് നൽകി 20 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് നൽകേണ്ടി വരും. അതിന് അനുസൃതമായ രീതിയിൽ വാക്സിൻ സൂക്ഷിക്കാനും ആളുകൾക്ക് ലഭ്യമാക്കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. വാക്സിൻ നൽകുന്നതിന് മുമ്പ് പ്രത്യേക പരിശോധനയുടെ ആവശ്യമില്ല.
എന്നാൽ, ചില രോഗികൾക്ക് അവരുടെ രോഗവിവരങ്ങൾ പരിശോധിച്ച ശേഷമേ വാക്സിൻ നൽകൂ. കോവിഡ് വാക്സിൻ സംബന്ധിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മറ്റു വാക്സിനുകളെ പോലെയാണിതെന്നും രാജ്യത്തെ സാംക്രമിക രോഗ വിദഗ്ധൻ നിസാർ ബാഹ്ബരി പറഞ്ഞു. വിദഗ്ധ ആരോഗ്യസമിതിയുടെ പരിശോധനക്കും നിരീക്ഷണത്തിനും ശേഷമാണ് വാക്സിൻ സൗദിയിലെത്തുന്നത്.
അടുത്ത ഒരു വർഷത്തിനുള്ളിൽ മൂന്നു ഘട്ടമായാണ് രാജ്യത്ത് കോവിഡ് വാക്സിൻ എത്തിക്കുന്നത്. കോവിഡ് ബാധിച്ചവർ, പ്രായമായവർ, ജീവിതശൈലി രോഗബാധിതർ എന്നിവർക്കാണ് വാക്സിൻ നൽകുന്നതിൽ മുൻഗണന. പിന്നീട് മറ്റുള്ളവർക്ക് നൽകും. വാക്സിൻ പരീക്ഷിച്ചവരിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അത്തരം പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിൻ കുത്തിവെപ്പ് നിര്‍ബന്ധമല്ല
ജിദ്ദ: സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച ഫൈസർ ബയോടെക് കോവിഡ് വാക്സിൻ കുത്തിവെപ്പ് നിര്‍ബന്ധമല്ലെന്ന് സൗദി വാക്സ് ഫാർമസ്യൂട്ടിക്കല്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ. മാസന് ഹസനൈന് പറഞ്ഞതായി അല്‍അഖ്ബാരിയ ചാനൽ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയില്‍ വാക്സിന് എത്തിയാല്‍ ഉടന്‍തന്നെ താന്‍ അത് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പിനെ കുറിച്ച ഉത്കണ്ഠ സ്വാഭാവികമാണ്. പലരും കുത്തിവെപ്പുമായി ബന്ധപ്പെട്ട അതിെൻറ ഉല്പാദനം, ക്ലിനിക്കല്‍ പരീക്ഷണം, പാര്‍ശ്വ ഫലങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയായിരിക്കാം.
കൂടാതെ ഇത് സംബന്ധമായ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് കൂടുതല്‍ ഉത്കണ്ഠ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സമാശ്വസിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വാക്സിനുകളുടെ അഡ്മിനിസ്ട്രേഷന് സംബന്ധിച്ച കാര്യങ്ങളില്‍ മറ്റ് വാക്സിനുകളുടെ അതേ പ്രക്രിയ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.