പുണ്യസ്ഥലങ്ങളിൽ ഹജ്ജിന് ഒരുക്കം തുടങ്ങി
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ പുണ്യസ്ഥലങ്ങളിൽ തുടങ്ങി. മക്ക, മശാഇർ റോയൽ കമീഷനും ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്കും കീഴിലാണ് മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്. തമ്പുകളിലെ ശുചീകരണ ജോലികളും അറ്റകുറ്റപ്പണികളും തുടരുകയാണ്. ഹജ്ജ് വേളയിൽ ഇത്തവണ ചൂടുകൂടുന്നതിനാൽ വൈദ്യുതി ഉപഭോഗം വർധിക്കുമെന്ന പ്രതീക്ഷയിൽ എയർകണ്ടീഷനിങ്, ഇലക്ട്രിക് സാധന സാമഗ്രികൾ എന്നിവയുടെ റിപ്പയറിങ് ജോലികളും ചില സ്ഥലങ്ങളിൽ കൂടുതൽ വൈദ്യുതി ലോഡ് വഹിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കലും പുരോഗമിക്കുകയാണ്. ജലസംഭരണികളുടെയും ശൗചാലയങ്ങളുടെയും അറ്റകുറ്റപ്പണികളും വൈദ്യുതി- ടെലിഫോൺ ലൈനുകൾ കുറ്റമറ്റതാണെന്ന്
ഉറപ്പുവരുത്തലും ഇൻറർനെറ്റ് സേവനങ്ങളുടെ ഗുണനിലവാരം മികച്ചതാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രധാന, സർവിസ് റോഡുകൾ നന്നാക്കലും നടപ്പാതകളിലെ തടസ്സങ്ങൾ ഒഴിവാക്കലും സ്ട്രീറ്റ് ലൈറ്റുകൾ മാറ്റിസ്ഥാപിക്കലും മിനയിൽ തമ്പുകൾക്കുചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കലും നടന്നുവരുകയാണ്. മശാഇർ ട്രെയിനുകളുടെ പരീക്ഷണ ഓട്ടവും ആരംഭിച്ചിട്ടുണ്ട്.
ട്രെയിനുകളും റെയിൽവേ ട്രാക്കുകളും കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനും മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ ഒമ്പത് സ്റ്റേഷനുകളിലും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാനും മശാഇർ ട്രെയിൻ പ്രവർത്തിപ്പിക്കുന്ന കമ്പനിക്കുകീഴിൽ നിരവധി പേർ രംഗത്തുണ്ട്. ആരോഗ്യ, സുരക്ഷ മേഖലയിൽ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. മക്ക, മദീന ഗവർണറേറ്റ്, മുനിസിപ്പാലിറ്റി എന്നിവക്കുകീഴിൽ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തുകയുണ്ടായി. ഹജ്ജ് സേവനരംഗത്തെ ഒരോ വകുപ്പുകളും തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് വിപുലമായ ഹജ്ജ് പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.