ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയർ സേവനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsമക്ക: ഹജ്ജ് സേവന രംഗത്ത് പതിറ്റാണ്ടിന്‍റെ സേവന പരിചയമുള്ള ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഈ വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു. ഒരുക്കങ്ങളുടെ ഭാഗമായി മക്കയിൽ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കോർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നു.
ഭാരവാഹികളായി ഖലീൽ ചെമ്പയിൽ (കോർഡിനേറ്റർ), ജമാൽ ചെന്നൈ (അസിസ്റ്റന്റ് കോർഡിനേറ്റർ), അബ്ദുൽ ഗഫാർ കൂട്ടിലങ്ങാടി (വളണ്ടിയർ ക്യാപ്റ്റൻ), ഷാക്കിർ മംഗലാപുരം (വൈസ് ക്യാപ്റ്റൻ), ഫദ്ൽ നിരോൽപ്പാലം (അസീസിയ ഇൻചാർജ്), മുസ്തഫ പള്ളിക്കൽ (മീഡിയ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
കോവിഡ് മഹാമാരിക്ക് ശേഷം സേവനത്തിന് അവസരം ലഭിച്ച വളണ്ടിയർമാർ എല്ലാവിധ ആരോഗ്യ മുൻകരുതലോടെയുമായിരിക്കും പ്രവർത്തന രംഗത്തുണ്ടാകുക. വിവിധ ഭാഷകൾ സംസാരിക്കുന്നവർ ടീമിലുണ്ടായിരിക്കും. ഹറം, അസീസിയ മേഖലകളിൽ 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
കൂടാതെ വനിതാ വളണ്ടിയർമാരും ആരോഗ്യരംഗത്ത് ജോലിചെയ്യുന്നവരുടെ പ്രത്യേക സംഘവും ഉണ്ടായിരിക്കും. മദീനയിൽ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനും അവരുടെ താമസസ്ഥലങ്ങളിലെത്തിക്കുന്നതിനും ഫോറം വളണ്ടിയർമാർ രംഗത്തുണ്ടാകും. അവസാന ഹാജിയും മക്കയിൽ നിന്ന് മടങ്ങുന്നത് വരെ ഫ്രറ്റേനിറ്റി ഫോറം സേവന രംഗത്തുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.