മക്കയിൽ ഹജ്ജ് സേവനത്തിൽ മലയാളി വനിതകളുടെ സാന്നിധ്യം സജീവം
text_fieldsമക്ക: അല്ലാഹുവിന്റെ അതിഥികളായി മക്കയിലെത്തുന്ന ഹാജിമാരെ സേവിക്കാൻ തനിമ സാംസ്കാരിക വേദിയുടെ വനിത വളൻറിയർ വിങ് സേവനരംഗത്ത് ഏറെ സജീവമാണ്. ഓരോ ദിവസവും ഹാജിമാർ താമസിക്കുന്ന ബിൽഡിങ്ങുകളിലെത്തി ആവശ്യമായ സേവനങ്ങളും സഹായങ്ങളും ഉറപ്പുവരുത്തിയാണ് മടങ്ങുന്നത്. കുട്ടികളുൾപ്പടെ എത്തുന്ന വനിതാ സന്നദ്ധ പ്രവർത്തകരുടെ പരിചരണവും സാമീപ്യവും ഹാജിമാർക്ക് ഏറെ ആശ്വാസമാവുന്നുണ്ട്.
സ്വന്തം ബന്ധുക്കൾ കൂടെയില്ലാതെ എത്തിയ ‘നോൺ മഹ്റം’ വിഭാഗത്തിലുള്ള ‘ഹാജ’മാരെ പരിചരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. അതിനായി പ്രത്യേകം ടീം രൂപവത്കരിച്ചാണ് തനിമയുടെ സേവനം ഉറപ്പു വരുത്തുന്നത്. ഇത്തരത്തിൽ എത്തുന്ന ഹാജമാരെ സ്വീകരിക്കുന്നത് മുതൽ മക്കയിൽനിന്ന് മടങ്ങുന്നത് വരെ വളൻറിയർമാർ എല്ലാകാര്യത്തിനും അവരോടൊപ്പം കൂടെയുണ്ടാകും. രോഗികളായ ഹാജമാരെ റൂമുകളിലും ആശുപത്രികളിലും ശുശ്രൂഷിക്കുക, ഹാജിമാർക്ക് ഭക്ഷണം എത്തിക്കുക, ഡിസ്പെൻസറികളിലും മറ്റും എത്തുന്ന ഭാഷാപ്രശ്നങ്ങളുള്ള ഹാജിമാർക്ക് മൊഴിമാറ്റം നടത്തി സഹായിക്കുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഇവർ ചെയ്തുവരുന്നു. അറഫയിലും മിനായിലും വനിതകളുടെ സേവനം ഉണ്ടാവും. ഇതിനായി സൗദിയുടെ വിവിധ ഭാഗത്തുനിന്നും ഇത്തവണ വനിതാ വളൻറിയർമാർ എത്തുന്നുണ്ട്.
കോൺസുലേറ്റിന്റെ നിർദേശപ്രകാരം കഴിഞ്ഞ രണ്ട് വെള്ളിയാഴ്ചകളിൽ നടന്ന ഹറം ഫ്രൈഡേ ഓപറേഷനിൽ തനിമയുടെ വനിത വളൻറിയർമാരുടെ സാന്നിധ്യം തീർഥാടകർക്ക് ഏറെ ആശ്വാസമായിരുന്നു. മക്കയിലെ വീട്ടമ്മമാരും അവിടെ ജോലി ചെയ്തു വരുന്ന വനിതകളുമാണ് ഒഴിവുസമയം മാറ്റിവെച്ച് തനിമ വളൻറിയർ വിങ്ങിന് കീഴിൽ സേവനത്തിനായി അണിനിരക്കുന്നത്. തനിമയുടെ വനിത കോഓഡിനേറ്റർമാരായ ഷാനിബ നജാത്ത്, മുന അനീസ്, കമറുന്നിസ ബുഷൈർ, ആരിഫാ സത്താർ എന്നിവരാണ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.