അക്കാദമിക് എക്സലൻസി അവാർഡ് സമർപ്പണവും വെബിനാറും
text_fieldsദമ്മാം: കഴിഞ്ഞ സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്നതിെൻറ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി കിഴക്കൻ പ്രവിശ്യാകമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി എക്കണോമിക്ക്, കൊമേഴ്സ്യൽ സെക്കൻഡ് സെക്രട്ടറിയും ഇന്ത്യൻ സ്കൂൾ നിരീക്ഷകനുമായ അസിം അൻവർ വെബിനാർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ എന്നും ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഏതുതരം പ്രതിസന്ധികൾ മുന്നിൽ വന്നാലും ആത്മവിശ്വാസം കൈവിടാതെ മുന്നേറണമെന്നും അദ്ദേഹം ഉപദേശിച്ചു. കോവിഡ് മഹാമാരി വിദ്യാലയ ജീവിതത്തിൽ വരുത്തിയ പുതിയ പഠനാനുഭവത്തിെൻറ അടിസ്ഥാനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം കുട്ടികളെയാണ് ഫോറം ആദരിച്ചത്. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം അൽമുന ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം അൽ ഖൊസാമ ഇൻറർനാഷനൽ സ്കൂൾ, അൽ ഖോബാർ ഡ്യൂൻസ് ഇൻറർനാഷനൽ സ്കൂൾ എന്നിങ്ങനെ കിഴക്കൻ പ്രവിശ്യയിലെ അഞ്ച് സ്കൂളുകളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയവരെയാണ് ആദരിച്ചത്. കോവിഡ് കാല സുരക്ഷ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഫോറം ചാപ്റ്റർ ഭാരവാഹികൾ കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തി പ്രശംസാഫലകം നൽകുകയായിരുന്നു. വിദ്യാർഥികൾക്ക് എല്ലാ വിധത്തിലും ആശ്വാസമാകുന്ന തരത്തിൽ ക്ലാസുകൾ ക്രമീകരിക്കുകയും ആത്മവിശ്വാസത്തോടെ അവരെ പഠന പ്രവർത്തനങ്ങളിലും ശേഷം വാർഷിക പരീക്ഷകൾക്കും സജ്ജമാക്കിയ സ്കൂളുകളെയും ആദരിച്ചു. ഓരോ സ്കൂളുകളിലും നേരിട്ടെത്തി പ്രധാന അധ്യാപകർക്കാണ് ഫോറം ഭാരവാഹികൾ പ്രശംസാഫലകം നൽകിയത്. പ്രവാസലോകത്ത് ഫ്രറ്റേണിറ്റി ഫോറം ചെയ്ത് കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളെയും അക്കാദമിക് എക്സലൻസ് പ്രോഗാമിനെയും കുറിച്ചുള്ള വിഡിയോകൾ വെബിനാറിൽ പ്രദർശിപ്പിച്ചു. ഫോറം കിഴക്കൻ പ്രവിശ്യ സെക്രട്ടറി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽമാരായ മെഹനാസ് ഫരീദ്, ഡോ. നൗഷാദ് അലി, കെ.പി. മമ്മു മാസ്റ്റർ, സുമയ്യ മുഹമ്മദ് ആരിഫ് എന്നിവർക്ക് പുറമെ ഡോ. ഇർഫാൻ ഹമീദ് ഖാൻ, ഡോ. ഫയാസ് അഹ്മദ്, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് അബ്ദുൽ വാരിസ്, റിഹാൻ ആലം സിദ്ദീഖി, പി.വി. അബ്ദുൽ റഊഫ് തുടങ്ങിയവരും ഉന്നത മാർക്ക് നേടിയ വിദ്യാർഥികളായ ആരവ് കമ്മത്ത് (ഗോവ), ഉസ്മാഖാൻ (യു.പി), ഫിർദൗസ് ഫാത്തിമ (ഒഡിഷ), ആശിഷ് ഷിബു (കേരളം), സന്ദീപ് ശ്രീനിവാസൻ (തമിഴ്നാട്), സാഖിബ് മുഹമ്മദ് (തെലങ്കാന) എന്നിവർ സംസാരിച്ചു. 300ൽ പരം പേർ പങ്കെടുത്ത വെബിനാറിൽ ഫോറം കർണാടക ചാപ്റ്റർ കമ്മിറ്റി അംഗം ആഷിക്ക് മച്ചാർ അവതാരകനായിരുന്നു. മിഅറാജ് അഹ്മദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.