പ്രവാസി വെൽഫെയർ യാംബു, മദീന, തബൂക്ക് മേഖല സമ്മേളനം
text_fieldsയാംബു: പ്രവാസി വെൽഫെയർ യാംബു, മദീന, തബൂക്ക് മേഖല സമ്മേളനം യാംബുവിലെ നാഗാദി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ അനീസുദ്ദീൻ ചെറുകുളമ്പ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജനാധിപത്യവും പൗരാവകാശവും നിഷേധിക്കപ്പെടുന്ന ഇന്ത്യയിലെ പുതിയ സാഹചര്യത്തിൽ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ ഒന്നിച്ച് പോരാട്ടം നടത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികനീതിയിലും മൂല്യാധിഷ്‌ഠിത രാഷ്ട്രീയത്തിലും അധിഷ്ഠിതമായ ക്ഷേമരാഷ്ട്രം വിഭാവനം ചെയ്യുന്ന വെൽഫെയർ പാർട്ടിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഇതിനകം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേഖല പ്രസിഡന്റ് ഷമീർ കണ്ണൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി നാസിറുദ്ദീൻ ഇടുക്കി മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹപരമായ നടപടികളിൽ ജനകീയ പ്രതിഷേധ പരിപാടികൾ സജീവമാക്കേണ്ടതുണ്ടെന്നും സാമൂഹിക പ്രശ്നങ്ങൾക്കെതിരെ നടത്തുന്ന വെൽഫെയർ പാർട്ടിയുടെ പരിപാടികളിലും സേവന പ്രവർത്തനങ്ങളിലും എല്ലാവരുടെയും വർധിച്ച പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റിയംഗവും കോൺസുലേറ്റ് വെൽഫെയർ അംഗവുമായ സിറാജ് എറണാകുളം കോൺസുലേറ്റുമായി ബന്ധപ്പെട്ട വെൽഫെയർ പ്രവർത്തനങ്ങളെക്കുറിച്ചും പ്രവാസമേഖലയിലെ സേവന പ്രവർത്തനങ്ങളുടെ സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു. പ്രവാസി വെൽഫെയർ മേഖല എക്സിക്യൂട്ടീവ് അംഗം ഹിദായത്തുള്ള കോട്ടായി ആശംസ നേർന്നു.
മിദ്‌ലാജ് റിദ 'വ്യക്തിത്വവികാസത്തിന് ഒരു രൂപരേഖ' എന്ന വിഷയത്തിൽ പ്രസന്റേഷൻ നടത്തി. ഷബീബ സലാഹുദ്ദീൻ നേതൃത്വം നൽകിയ വിദ്യാഭ്യാസ സെമിനാറിൽ യാംബു വിചാരവേദി പ്രസിഡന്റും എഴുത്തുകാരനുമായ അഡ്വ. ജോസഫ് അരിമ്പൂർ, ഡോ. അമൽ ഫഹദ്, സലീം വേങ്ങര, അഥീന ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഇൽയാസ് വേങ്ങൂരിന്റെ നേതൃത്വത്തിൽ വിവിധ കായിക മത്സരങ്ങളും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. മൂസ മമ്പാട് രചനയും സംവിധാനവും നിർവഹിച്ച 'അണയാത്ത ജ്വാലയും, മുറിയാത്ത ശബ്ദവും' എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ സംഗീതനാടകം ശ്രദ്ധേയമായി.
സൈമ സലാഹുദ്ദീൻ, ആയിഷ സലാഹുദ്ദീൻ എന്നിവർ ഡാൻസ് അവതരിപ്പിച്ചു. ഗായകൻ മുസ്തഫ മഞ്ചേശ്വരത്തിന്റെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യയിൽ ഗായകരായ തൻസീമ മൂസ, കബീർ അടിമാലി, ബഷീർ ലത്തീഫ് ആലപ്പുഴ, അഫ്ര ബഷീർ, അസ്‌ക്കർ കുരിക്കൾ, ഹംസ കാസർകോട്, ഖാലിദ്, ഷൗക്കത്ത് എടക്കര, ഇൽയാസ് വേങ്ങൂർ ആൻറ് ടീം തുടങ്ങിയവർ ഗാനമാലപിച്ചു.
ഫൈസൽ കോയമ്പത്തൂർ, യൂസുഫ് പടിഞ്ഞാറ്റുമുറി, സുറൂർ തൃശൂർ, മുനീർ കോഴിക്കോട്, അബ്ബാസ് എടക്കര, സാജിദ് വേങ്ങൂർ, സഹൽ മുനീർ, സുഹൈൽ ലല്ലു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഫൈസൽ പത്തപ്പിരിയം സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ സഫീൽ കടന്നമണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.