ഭരണഘടനാനുസൃത സംരക്ഷണം തടയുന്നത് നീതിനിഷേധം –ടേബിള്‍ ടോക്ക്
text_fieldsഅൽഖോബാര്‍: ഇന്ത്യന്‍ ഭരണഘടനാനുസൃതമായ, സാമൂഹികപരമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്കപ്പെട്ട സംരക്ഷണം സര്‍ക്കാര്‍ നയങ്ങള്‍മൂലം തടയപ്പെടുന്നത് നീതിനിഷേധമാണെന്ന് അൽഖോബാര്‍ കെ.എം.സി.സി സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച സച്ചാര്‍ സമിതി നിർദേശങ്ങളായ മുസ്ലിം സ്കോളര്‍ഷിപ്, സ്പെഷല്‍ റിക്രൂട്ട്മെൻറടക്കമുള്ളവ നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച രീതി സച്ചാര്‍ കമ്മിറ്റി ശിപാര്‍ശയില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടായി മാറിയെന്ന് പ്രതിനിധികള്‍ പറഞ്ഞു.
മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനപ്രകാരം സ്വാതന്ത്ര്യമുള്ള വഖഫ് സ്വത്തുക്കളുടെ പരിപാലകരെ നിയമിക്കുന്നതില്‍ കേരളത്തില്‍ മാത്രം പബ്ലിക്ക് സർവിസ് കമീഷന് നിയമനം നടപ്പാക്കിയ സംസ്ഥാന ഇടതുപക്ഷ സര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്ര്യമെന്ന മതേതര ഇന്ത്യയിലെ ഭരണഘടനപരമായ അടിസ്ഥാനമൂല്യങ്ങളുടെ മേലുള്ള സർക്കാര്‍ കടന്നുകയറ്റമാണെന്നും ഇതിനെതിരെ യോജിച്ച ജനാധിപത്യ പ്രതിഷേധം ഉണ്ടാകണമെന്നും പ്രതിനിധികള്‍ പറഞ്ഞു. പിന്നാക്ക ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള പ്രവാസി സമൂഹത്തില്‍ നിലവിലെ തൊഴില്‍ പ്രതിസന്ധി തരണം ചെയ്ത് അവരെ സംരക്ഷിക്കുന്നതില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ തുടരുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണ്.
സൗദി കെ.എം.സി.സി ഓഡിറ്റര്‍ യു.എ. റഹീം വിഷയാവതരണം നടത്തി. അജ്മല്‍ മദനി വാണിമേല്‍, സഫ്വാന് പാണക്കാട്, അബ്ദുറഹ്മാന് ഉളിയില്‍, മൊയ്തീന് കുട്ടി കൊണ്ടോട്ടി, ഷാജഹാന് പുള്ളിപ്പറമ്പ്, അഷ്റഫ് കോഴിക്കോട്, മുഹമ്മദ് പുതുക്കുടി തുടങ്ങിയവർ ടേബിള്‍ ടോക്കില്‍ സംവദിച്ചു. ജനറല്‍ സെക്രട്ടറി സിറാജ് ആലുവ ആമുഖ ഭാഷണം നിർവഹിച്ചു. സുലൈമാന്‍ കൂലേരി, അബ്ദുല്‍ അസീസ് കത്തറമ്മല്‍, നാസര്‍ ചാലിയം, ഫൈസല്‍ കൊടുമ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് പാണ്ടികശാല, ട്രഷറര്‍ നജീബ് ചീക്കിലോട് എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു. ഫഹീം ഹബീബ് ഖിറാഅത്ത് നടത്തി. ഹബീബ് പൊയില്‍തൊടി, അന്‍വര്‍ ഷാഫി വളാഞ്ചേരി, ബീരാന് ചേറൂര് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.