സൗദിയിൽ സാധനങ്ങളുടെ വിലയും വാടകയും വർധിച്ചു; മേയ് മാസത്തിൽ പണപ്പെരുപ്പം 2.8 ശതമാനം
text_fieldsജിദ്ദ: സൗദിയിൽ മേയ് മാസത്തെ വാർഷിക പണപ്പെരുപ്പം 2.8 ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പ്രഖ്യാപിച്ചു.രാജ്യത്തെ ഉപഭോക്തൃ വില സൂചിക കഴിഞ്ഞ മാസം 2.8 ശതമാനം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വാർഷിക പണപ്പെരുപ്പം 2.7 ശതമാനമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
വാടക വിലയാണ് പണപ്പെരുപ്പ വർധനയിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഭവനങ്ങളുടെ യഥാർഥ വാടക 9.9 ശതമാനമാണ് കഴിഞ്ഞ മാസം വർധിച്ചത്. അപ്പാർട്മെന്റ് വാടക 23.7 ശതമാനം വരെ വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഭക്ഷണ പാനീയങ്ങളുടെ വിലയിൽ 0.9 ശതമാനം വർധന ഉണ്ടായെന്നും മാംസത്തിന്റെയും കോഴിയിറച്ചിയുടെയും വില 2.4 ശതമാനവും, പാൽ, പാലുൽപന്നങ്ങൾ, മുട്ട എന്നിവയുടെ വില 8.5 ശതമാനവും വർധിച്ചു.ഭക്ഷണ വിതരണ സേവന മേഖലയിൽ 5.2 ശതമാനവും വിദ്യാഭ്യാസ മേഖലയിലുള്ള ചെലവിൽ 4.5 ശതമാനം വരെയും വർധന ഉണ്ടായതായും റിപ്പോർട്ട് ചെയ്തു.ഗൃഹോപകരണ ഉൽപന്നങ്ങളുടെ വിലയിൽ രണ്ടു ശതമാനവും മറ്റു ഫർണിച്ചർ സാധനങ്ങളുടെ മേഖലയിൽ 4.9 ശതമാനവും കുറവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മേയ് മാസത്തിൽ ഉപഭോക്തൃ വില സൂചിക 0.2 ശതമാനം വർധിച്ചിട്ടുണ്ട്. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വിഭാഗത്തിൽ 0.4 ശതമാനം വർധന ഉണ്ടായതാണ് പ്രതിമാസ പണപ്പെരുപ്പ സൂചികയെ കൂടുതൽ ബാധിച്ചതെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.