സൗദിയിൽ സ്വകാര്യമേഖലയിലെ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരത്തെ അടക്കും
text_fieldsയാംബു: സൗദിയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് നാല് ദിവസം ഈദുൽ ഫിത്വർ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 30 (റമദാൻ 29) ആയിരിക്കും അവസാന പ്രവൃത്തി ദിവസം. മെയ് ഒന്ന് മുതൽ ആരംഭിക്കുന്ന അവധിദിനങ്ങൾ നാലു ദിവസം നീണ്ടു നിൽക്കും. മെയ് അഞ്ച് പ്രവർത്തി ദിനമായിരിക്കും.
തങ്ങളുടെ ജീവനക്കാർക്ക് ഈദുൽ ഫിത്വർ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 24ന്റെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പാലിക്കാൻ തൊഴിലുടമകളോട് മന്ത്രാലയം ആഹ്വാനം ചെയ്തു. ചില സ്വകാര്യ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ആശ്വാസം പകരാൻ മെയ് അഞ്ച് കൂടി അവധി നൽകിയിട്ടുണ്ട്. കമ്പനികളിലെ ജോലിക്കാർക്ക് അവധിയായി ലഭിക്കുന്ന അഞ്ച് ദിവസവും അവധി ദിനങ്ങൾക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി എന്നിവ കൂടി കണക്കിലെടുത്താൽ ഒമ്പത് അവധി ദിനങ്ങൾ ലഭിക്കും.
ഈ അവസരം ഉപയോഗപ്പെടുത്തി പ്രവാസികളായ പലരും കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്. രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയിലുള്ള സർവകലാശാലകൾ, വിവിധ തലങ്ങളിലുള്ള സ്‌കൂളുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈദുൽ ഫിത്വർ അവധിക്കായി നേരത്തേ അടക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ഏപ്രിൽ 21 (റമദാൻ 20) ആയിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റമദാനിലെ അവസാന പ്രവർത്തി ദിവസം.
നേരത്തേ ഏപ്രിൽ 25 (റമദാൻ 24) ആയിരുന്നു അവസാന പ്രവർത്തി ദിവസമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിരുന്നത്. റമദാൻ അവസാനത്തിൽ വിദ്യാർഥികൾക്ക് കൂടുതൽ ആശ്വാസം നൽകുക എന്ന താൽപര്യത്തോടെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ശുപാർശ കൂടി കണക്കിലെടുത്താണ് സൽമാൻ രാജാവ് അവധിക്കാലം പുനർനിർണയിക്കാൻ ഉത്തരവിട്ടത്.
14 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ റമദാനിൽ സൗദി സ്‌കൂളുകൾ പ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകിയിരുന്നത്. കഴിഞ്ഞ വർഷം മുതൽ പരിഷ്കരിച്ച അക്കാദമിക് കലണ്ടർ അനുസരിച്ച് 39 ആഴ്ച നീണ്ട അധ്യയന വർഷമാണ് ഇപ്പോൾ രാജ്യത്തെ പൊതു വിദ്യഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.