തൊഴിലവസരങ്ങൾക്കായി സ്വകാര്യമേഖലയുമായി യോജിച്ച് മുന്നേറുന്നു -മാനവശേഷി മന്ത്രി
text_fieldsറിയാദ്: സ്വദേശി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സ്വകാര്യമേഖലയുമായി യോജിച്ച് പ്രവർത്തിക്കുകയാണെന്ന് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പറഞ്ഞു. റിയാദിൽ നടന്ന റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറത്തിെൻറ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ എണ്ണം 2019ൽ 17 ലക്ഷമായിരുന്നു. 2023ൽ 23 ലക്ഷമായി ഉയർന്നു. ഇത് റെക്കോഡാണ്.
അവരിൽ 3,61,000 പേർ ആദ്യമായി ജോലിയിൽ പ്രവേശിച്ചവരാണ്. 2021 ജൂലൈക്ക് മുമ്പ് റിയൽ എസ്റ്റേറ്റ് തൊഴിലുകളും പ്രവർത്തനങ്ങളും സ്വദേശിവത്കരിക്കാൻ മന്ത്രാലയത്തിന് തീരുമാനമുണ്ടായിരുന്നില്ല. ആ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരരുടെ എണ്ണം 12,000 കവിഞ്ഞിരുന്നില്ല. സ്വദേശിവത്കരണ തീരുമാനം നടപ്പാക്കി രണ്ടു വർഷത്തിന് ശേഷം 12 ലധികം റിയൽ എസ്റ്റേറ്റ് പ്രഫഷനുകളിലായി റിയൽ എസ്റ്റേറ്റ് മേഖലയിൽ 26,000 ത്തിലധികം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. ഈ സംഖ്യ തൊഴിൽ വിപണിയിൽ പൗരെൻറ കഴിവ് തെളിയിക്കുന്നുവെന്ന് മാനവ വിഭവശേഷി മന്ത്രി സൂചിപ്പിച്ചു.
സ്വദേശികളായ യുവതി യുവാക്കൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിന് വലിയ പ്രധാന്യമുണ്ട്. ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സംഭാവന നൽകിയ റിയൽ എസ്റ്റേറ്റ് വികസന കമ്പനികൾക്ക് മന്ത്രി നന്ദി പറഞ്ഞു. നൈപുണ്യ വികസനത്തിന് 12 സെക്ടറൽ കൗൺസിലുകൾ സ്ഥാപിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ സൗദികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മന്ത്രാലയം ആവശ്യമായ സംഭാവനകൾ നൽകിയതായി മന്ത്രി പറഞ്ഞു.
കൺസ്ട്രക്ഷൻ ആൻഡ് റിയൽ എസ്റ്റേറ്റ് ആക്ടിവിറ്റീസ് കൗൺസിൽ ഉൾപ്പെടെ സ്വകാര്യ മേഖലയുമായി സഹകരിച്ച് ദേശീയ പരിശീലന കാമ്പയിൻ (വഅദ്) ആരംഭിച്ചു. 2025 അവസാനം വരെ 1,155,000 സ്വദേശികൾക്ക് പരിശീലനം നൽകാൻ സ്വകാര്യമേഖലയുടെ വാഗ്ദാനമുണ്ട്. റിയൽ എസ്റ്റേറ്റ് വികസന മേഖലയിൽ പ്രവർത്തിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെ സ്വദേശികളെ നിയമിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് മന്ത്രാലയത്തിെൻറ സംവിധാനം നിരവധി പ്രോത്സാഹനങ്ങളും സഹായ പരിപാടികളും നൽകിയിട്ടുണ്ടെന്നും മാനവ വിഭവശേഷി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.