സൗദിയിൽ കെ.പി.സി.സിയുടെ പ്രിയദർശിനി പബ്ലിക്കേഷന് തുടക്കം
text_fieldsറിയാദ്: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷന്റെ സൗദി ചാപ്റ്ററിന് തുടക്കമായി. പ്രവാസികൾക്കിടയിൽ എഴുത്തും വായനയും സജീവമാക്കുകയും സാംസ്കാരിക സാഹിത്യ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും ലക്ഷ്യംവെച്ചുള്ള സൗദി ഘടകത്തിന്റെ ഉദ്ഘാടനം തലസ്ഥാന നഗരിയായ റിയാദിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയും പ്രിയദർശനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു നിർവഹിച്ചു.
കെട്ടുകഥകളും നിർമിത ചരിത്രങ്ങളും പ്രചരിപ്പിച്ച് അത് പൊതുബോധമാക്കി മാറ്റാനുള്ള സംഘ്പരിവാർ ശ്രമത്തെ ചെറുത്തുതോൽപിക്കാൻ എഴുത്തും വായനയും ഉൾപ്പെടെയുള്ള എല്ലാ സൃഷ്ടിപരമായ ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ടെന്ന് അഡ്വ. പഴകുളം മധു പറഞ്ഞു. ജനാധിപത്യ ഇന്ത്യയിൽ എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൂലി എഴുത്തുകാരെ വെച്ച് വ്യാജ ചരിത്രം നിർമിച്ച് ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വ്യാപകമാണ്. വില കൊടുത്താൽ കിട്ടാത്ത എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും അധികാരവും മസിൽ പവറും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി കോഓഡിനേറ്റർ നൗഫൽ പാലക്കടൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം, ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ വൈസ് പ്രസിഡൻറ് സലിം കളക്കര, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ എന്നിവർ സംസാരിച്ചു.
പ്രിയദർശിനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം ഹനീഫ റാവുത്തർ അഡ്വ. പഴകുളം മധുവിനെയും കുഞ്ഞികുമ്പള അഡ്വ. പി.എ. സലീമിനെയും ഷാൾ അണിയിച്ചു സ്വീകരിച്ചു. അക്കാദമിക് കൗൺസിൽ അംഗങ്ങളായ റഷീദ് കൊളത്തറ സ്വാഗതവും അഡ്വ. എൽ.കെ. അജിത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.