സുഡാനിലെ പ്രശ്ന പരിഹാരം; ജിദ്ദ ചർച്ചയെ സ്വാഗതം ചെയ്ത് വിവിധ രാജ്യങ്ങളും സംഘടനകളും
text_fieldsജിദ്ദ: സൗദിയുടെയും അമേരിക്കയുടെയും ശ്രമഫലമായി ജിദ്ദയിൽ സുഡാൻ സായുധ സേന പ്രതിനിധികളും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള പ്രാഥമിക ചർച്ചകളുടെ തുടക്കത്തെ വിവിധ രാജ്യങ്ങളും സംഘടനകളും സ്വാഗതം ചെയ്തു.
ഖത്തർ
സൈനിക സംഘട്ടനത്തിന് ശാശ്വതവും സമഗ്രവുമായ വിരാമത്തിന് വഴിയൊരുക്കുന്നതിനും തുടർന്ന് വിശാലമായ ചർച്ചയിൽ ഏർപ്പെടുന്നതിനുമുള്ള ഈ നടപടി ഖത്തറിന്റെ അഭിലാഷം കൂടിയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ബഹ്റൈൻ
സുഡാനീസ് സായുധ സേനയുടെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെയും പ്രതിനിധികൾ തമ്മിൽ ജിദ്ദ നഗരത്തിൽ പ്രാഥമിക ചർച്ച ആരംഭിക്കാൻ സൗദി അറേബ്യയും അമേരിക്കയും മുൻകൈയെടുത്തതിനെ സ്വാഗതംചെയ്യുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്ത്
സൈനിക നടപടി അവസാനിപ്പിക്കാനും സംഘർഷം കുറക്കാനും സുഡാൻ കക്ഷികളെ ഒരു മേശക്ക് ചുറ്റും ഇരിക്കാൻ പ്രേരിപ്പിക്കാനുമായി സൗദിയും അമേരിക്കയും നടത്തിയ ശ്രമങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. സുഡാന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന വിധത്തിലുള്ള പോരാട്ടവും സംഘർഷവും ഉടൻ അവസാനിപ്പിക്കണമെന്ന കുവൈത്ത് നിലപാട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവർത്തിച്ചു.
ഈജിപ്ത്
സുഡാനിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയും അവർക്ക് മാനുഷികമായ ദുരിതാശ്വാസ സഹായം എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന സമഗ്രവും സ്ഥിരവുമായ വെടിനിർത്തലിന് ചർച്ച കാരണമാകുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സുഡാനീസ് പാർട്ടികളെ സംഭാഷണം ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയ സൗദി അറേബ്യയുടെ പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെയും പ്രശംസിക്കുന്നുവെന്നും ഈജിപ്ത് ഭരണാധികാരികൾ അറിയിച്ചു.
ഒ.ഐ.സി
പ്രാഥമിക ചർച്ച ആരംഭിക്കാനുള്ള സൗദി അറേബ്യയുടെയും അമേരിക്കയുടെയും സംയുക്ത ശ്രമത്തെ സ്വാഗതം ചെയ്യുന്നതായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ പറഞ്ഞു.
നിലവിലെ ദുഷ്കര സാഹചര്യത്തിൽ പ്രയാസപ്പെടുന്നവർക്ക് മാനുഷികവും ആരോഗ്യപരവുമായ സഹായം വിതരണം ചെയ്യുന്നത് ഉറപ്പാക്കാനും മാനുഷിക ഉടമ്പടി പാലിക്കാൻ പ്രവർത്തിക്കണമെന്നും ഇരുവശത്തു നിന്നുമുള്ള ചർച്ചാ പ്രതിനിധികളോട് ഒ.ഐ.സി സെക്രട്ടറി ജനറൽ അഭ്യർഥിച്ചു. ഉടനടി സ്ഥിരമായ വെടിനിർത്തലിൽ എത്തിച്ചേരാനും സുഡാനിലെ പരമോന്നത ദേശീയ താൽപര്യത്തിന് മുൻഗണന നൽകാനുമുള്ള പ്രവർത്തനമുണ്ടാകണമെന്നും സുഡാന് അടിയന്തര മാനുഷിക സഹായം നൽകാൻ അംഗരാജ്യങ്ങളോടും സാമ്പത്തിക, മാനുഷിക സ്ഥാപനങ്ങളോടും അന്താരാഷ്ട്ര ദാതാക്കളോടും ഒ.ഐ.സി ആവശ്യപ്പെട്ടു.
ജി.സി.സി
സൗദിയുടെയും അമേരിക്കയുടെയും സംയുക്ത ശ്രമത്തെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അഭിനന്ദിച്ചു. സംഭാഷണത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനും പിരിമുറുക്കത്തിന്റെ തോത് കുറക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനും ചർച്ച സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐക്യവും യോജിപ്പും കാത്തുസൂക്ഷിക്കുകയും സുരക്ഷ, സമാധാനം, സ്ഥിരത, വികസനം എന്നിവക്കായുള്ള സുഡാൻ ജനതയുടെ അഭിലാഷം സാക്ഷാത്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പരിഹാരത്തിന് ഈ ചർച്ച സഹായിക്കുമെന്ന് സെക്രട്ടറി ജനറൽ പ്രത്യാശ പ്രകടിപ്പിച്ചു. ജി.സി.സി രാജ്യങ്ങൾ സമാധാനത്തെ പിന്തുണക്കുന്നുവെന്നും സുസ്ഥിരവും വിപുലീകൃതവുമായ നയതന്ത്ര ബന്ധങ്ങളിലൂടെ പ്രാദേശികവും ആഗോളവുമായ സമാധാനവും സുരക്ഷയും നിലനിർത്താൻ എപ്പോഴും ശ്രമിക്കുമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
അറബ് പാർലമെന്റ്
ചർച്ചക്ക് തുടക്കമിട്ടതായി സൗദി അറേബ്യയും അമേരിക്കയും പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അൽഅസൂമി സ്വാഗതം ചെയ്തു. സുഡാൻ പ്രതിസന്ധിയുടെ രാഷ്ട്രീയ പരിഹാരത്തിനും ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിനും രക്തച്ചൊരിച്ചിൽ തടയുന്നതിനും സുഡാൻ രാഷ്ട്രത്തെ സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും പാതയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഈ സംരംഭം നല്ലൊരു ചുവടുവെപ്പായിരിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.