സംസം ഉൽപാദനം കൂട്ടി, പ്രതിദിനം രണ്ടു ലക്ഷം ബോട്ടിൽ
text_fieldsജിദ്ദ: റമദാനിൽ സംസം ജലത്തിനുള്ള വർധിച്ച ആവശ്യം കണക്കിലെടുത്ത് ഉൽപാദനം കൂട്ടിയതായി കിങ് അബ്ദുല്ല സംസം ഫാക്ടറി ഓഫിസ് അറിയിച്ചു. റമദാനിലുടനീളം വർധിച്ച ആവശ്യം നിർവഹിക്കാനുള്ള ഒരുക്കം പൂർത്തിയാക്കി. ഫാക്ടറിയിലെ എല്ലാ പ്രൊഡക്ഷൻ ലൈനുകളും പരമാവധി ഉൽപാദനത്തിന് സജ്ജമാണ്. പ്രതിദിനം അഞ്ചു ലിറ്ററിന്റെ രണ്ടു ലക്ഷം കുപ്പി വിതരണം ചെയ്യാനുള്ള ശേഷിയിലേക്ക് ഉയർത്തി.
പദ്ധതിക്കു കീഴിൽ 20 ലക്ഷത്തിലധികം കുപ്പികൾ സൂക്ഷിക്കാൻ സൗകര്യമുണ്ട്. ഇരുഹറം കാര്യാലയ മേധാവിയുടെ നിർദേശാനുസരണം ആളുകൾക്ക് വേഗത്തിൽ സംസം ലഭിക്കാൻ വേണ്ട സൗകര്യം ഒരുക്കി.
ഉപഭോക്താക്കളുടെ സേവനത്തിനും അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും ജീവനക്കാർ സജ്ജമാണെന്നും കിങ് അബ്ദുല്ല സംസം ഫാക്ടറി ഓഫിസ് അധികൃതർ പറഞ്ഞു. ഇഫ്താർ വേളയിൽ മക്ക ഹറമിൽ വിതരണം ചെയ്യാൻ അഞ്ചു ലക്ഷം ലിറ്റർ സംസം ഒരുക്കിയതായി സംസം വകുപ്പ് മേധാവി അബ്ദുറഹ്മാൻ അൽസഹ്റാനി പറഞ്ഞു. സംസം നിറച്ച ഒരു ലക്ഷം കുപ്പികൾ നമസ്കാര സ്ഥലങ്ങളിലും 40 ലിറ്റർ ശേഷിയുള്ള 13,000 സംസം പാത്രങ്ങൾ മുറ്റങ്ങളിലും ഒരുക്കിയതായി അദ്ദേഹം പറഞ്ഞു. മസ്ജിദുന്നബവിയിൽ 1,10,000 കുപ്പി സംസം വിതരണം ചെയ്യുന്നുണ്ട്. പള്ളിയുടെ വിവിധ ഭാഗങ്ങളിലായി 14,000 സംസം പാത്രങ്ങളും സംസമെടുക്കുന്നതിന് എട്ടു സ്ഥലങ്ങളും സജ്ജീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.