റോഡുകളിലും പാർക്കുകളിലും ഈന്തപ്പനകൾ നടുന്നതിന് വിലക്ക്
text_fieldsജിദ്ദ: സൗദി അറേബ്യയിൽ റോഡുകളിലും പാർക്കുകളിലും പൂന്തോട്ടങ്ങളിലും ഈന്തപ്പനകൾ നടുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. പൊതുവിടങ്ങളിൽ ഈന്തപ്പഴം വീണ് പടരാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട സ്ഥിരം സമിതിയുടെ ശിപാർശ പ്രകാരമാണ് നിരോധനം. സമിതി ഇതുസംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ മാസം രാജ്യത്തെ 13 പ്രവിശ്യകളിലെയും ഗവർണർമാർക്ക് അയച്ചിരുന്നു.
തുടർന്ന്, പൊതുമരാമത്ത് ജോലികൾ ഏറ്റെടുത്ത കരാർ കമ്പനികളോട് ഈന്തപ്പനകൾ പാതകളിലും മറ്റും നട്ടുപിടിപ്പിക്കരുതെന്ന് നിർദേശം നൽകണമെന്ന് ഓരോ പ്രദേശത്തെയും മേയർമാർക്കും മുനിസിപ്പാലിറ്റികൾക്കും ഉത്തരവ് നൽകി. ഇതിനകം നട്ടുപിടിപ്പിച്ചവ നീക്കം ചെയ്യേണ്ടതില്ല. ഇനി മുതലാണ് നിരോധനം ബാധകമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. റോഡുകളിൽ ഈന്തപ്പനകൾ നടുന്നത് കുറക്കാനും എന്നാൽ, റോഡരികിലെ മറ്റു മരങ്ങൾ സംരക്ഷിക്കാനും അന്യായമായ വെട്ടിമാറ്റലിന് വിധേയമാകാതിരിക്കാനും ഏകദേശം രണ്ട് വർഷം മുമ്പ് കമ്മിറ്റി നിർദേശം നൽകിയിരുന്നു. റോഡുകളുടെ മധ്യഭാഗത്ത് ഈന്തപ്പനകൾ നട്ടുപിടിപ്പിക്കരുതെന്നും വനവത്കരണം നടപ്പാതകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.
പൂന്തോട്ടങ്ങളോ റോഡുകളോ വനവത്കരണ പദ്ധതികൾ നടപ്പാക്കുന്നതിനുമുമ്പ് പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയവുമായി കൂടിയാലോചിക്കണമെന്ന് എല്ലാ സർക്കാർ ഏജൻസികളോടും ആവശ്യപ്പെട്ടിരുന്നതായി മന്ത്രാലയത്തിെൻറ മക്ക മേഖല ബ്രാഞ്ച് ഡയറക്ടർ സഈദ് അൽഗംദി പറഞ്ഞു. രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലെയും പൊതുസ്ഥലങ്ങളിലും റോഡുകളിലും പാർക്കുകളിലും അവിടുത്തെ പരിസ്ഥിതിയും സ്വഭാവവുമെല്ലാം പരിഗണിച്ച് വനവത്കരണത്തിനായി മരങ്ങളും കുറ്റിച്ചെടികളും അനുയോജ്യമായ രീതിയിൽ നട്ടുവളർത്തണമെന്നും എന്നാൽ, പരിസ്ഥിതിയുമായി പൊരുത്തപ്പെടാത്ത ഏതെങ്കിലും തരത്തിലുള്ള മരങ്ങൾ നട്ടുപിടിപ്പിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.
റോഡരികുകളിലും പാർക്കുകളിലും ഈന്തപ്പനകൾ നടുന്നത് നിരോധിച്ച തീരുമാനത്തെ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ പ്രശംസിച്ചു. ഇങ്ങനെ നട്ടുപിടിപ്പിക്കുന്ന ഈന്തപ്പനകൾ പലപ്പോഴും അവഗണിച്ചുകിടക്കുന്നതായും ആവശ്യത്തിന് പരിചരണം കിട്ടാതിരിക്കുന്നതായും ഇവ മറ്റു മരങ്ങൾക്ക് ഭീഷണി ആവുന്നതായും അവർ ചൂണ്ടിക്കാണിക്കുന്നു. ഈന്തപ്പനകൾ കൃഷിചെയ്യാനുള്ള മരമാണെന്നും അലങ്കാരത്തിനുള്ളതല്ലെന്നും അവർ എടുത്തുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.