ചെങ്കടൽ ഗവേഷണത്തിനും പരിസ്ഥിതി പഠനത്തിനും പദ്ധതി
text_fieldsയാംബു: സൗദിയിലെ ചെങ്കടൽ ഗവേഷണത്തിനും പരിസ്ഥിതി പഠനത്തിനും ബൃഹത്തായ പദ്ധതി ഒരുങ്ങുന്നു. റെഡ് സീ ഡെവലപ്മെൻറ് കമ്പനിയും കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയും (കെ.എ.യു.എസ്.ടി) തമ്മിൽ കഴിഞ്ഞദിവസം ഇതിനായി സംയുക്ത കരാറിൽ ഒപ്പിട്ടു.
കരാർപ്രകാരം ചെങ്കടലിലെ പരിസ്ഥിതി സുസ്ഥിരത, ജൈവ സംരക്ഷണം, പുതിയ ഗവേഷണ പഠനങ്ങൾ എന്നിവയിൽ പരസ്പര സഹകരണം ഉറപ്പുവരുത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പരിസ്ഥിതി വ്യതിയാനങ്ങളെ തുടർച്ചയായി ശാസ്ത്രീയമായി നിരീക്ഷിക്കാനും ചെങ്കടലിലെ ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കാനും കരാർപ്രകാരം ധാരണയിലായതും ഏറെ നേട്ടമാകും. 2040 ആകുമ്പോഴേക്കും ചെങ്കടലിലെ ജൈവ വൈവിധ്യത്തിെൻറ വികസനത്തിനായി തീരുമാനിച്ച പദ്ധതിയുടെ 30 ശതമാനം വളർച്ചയുണ്ടാകുമെന്ന് വിലയിരുത്തുന്നു. ചെങ്കടൽ പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കാനും 'കാർബൺ ന്യൂട്രാലിറ്റി തത്ത്വം' കൈവരിക്കുക വഴി ഓസോൺ വിള്ളലിന് കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൗസ് വാതകങ്ങൾ പരമാവധി കുറക്കാനുള്ള ശേഷി കൈവരിക്കാനും പദ്ധതി വഴിവെക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
പുനഃചംക്രമണത്തിനു പറ്റാത്ത പ്ലാസ്റ്റിക് പദാർഥങ്ങളുടെ ഉപയോഗവും പ്രദേശത്ത് മാലിന്യം കുഴിച്ചിടുന്നതും നിരോധിക്കും.കാറ്റിൽനിന്നും സൗരോർജത്തിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനും വിവിധ പദ്ധതികൾ കരാർ വഴി നടപ്പാക്കും. ടൂറിസം കൂടുതൽ സുസ്ഥിരവും പുതുമ നിറഞ്ഞതുമായിരിക്കണെമെന്ന തിരിച്ചറിവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ശുദ്ധമായ ആവാസ വ്യവസ്ഥകളിലൊന്നാണ് സൗദിയിലെ ചെങ്കടൽ തീരങ്ങൾ. അതിനാൽ പരസ്പരമുള്ള സഹകരണം വഴി മഹത്തായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് റെഡ് സീ ഡെവലപ്മെൻറ് കമ്പനി സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു.
പുതുമയോടെയുള്ള പരിസ്ഥിതി സൗഹൃദമായ പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നതെന്നും ചെങ്കടലിലെ പവിഴപ്പുറ്റുകളുടെ വളർച്ചക്ക് സഹായകമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.