ന്യൂ ത്വാഇഫ് പദ്ധതികളുടെ ഉദ്ഘാടനം സൽമാൻ രാജാവ് നിർവഹിച്ചു
text_fieldsജിദ്ദ: ന്യൂ ത്വാഇഫ് പദ്ധതികളുടെ ഉദ്ഘാടനം ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സൽമാൻ രാജാവ് നിർവഹിച്ചു. പുതിയ ത്വാഇഫ് വിമാനത്താവളം, സൂഖ് ഉക്കാദ് പട്ടണം, ടെക്നിക്കൽ പാർക്ക്, ഭവന പദ്ധതി, വ്യാവസായിക പട്ടണം, വിദ്യാഭ്യാസനഗരം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് രാജാവ് നിർവഹിച്ചത്. പദ്ധതികളുടെ പ്രസേൻറഷൻ മക്ക ഗവർണറുടെ ഉപദേഷ്ടാവ് ഡോ. സഅദ് മുഹമ്മദ് മാർക് അവതരിപ്പിച്ചു. ത്വാഇഫിന് വടക്ക് കിഴക്ക് 1250 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് ന്യൂ ത്വാഇഫ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 1100 കോടി റിയാൽ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ആറ് പദ്ധതികൾ ത്വാഇഫിെൻറ മുഖച്ഛായ മാറ്റാൻ ഉതകുന്നതാണ്.
എടുത്തുപറയേണ്ടതാണ് പുതിയ ത്വാഇഫ് വിമാനത്താവള പദ്ധതി. ഇതിനുള്ള നടപടികൾ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ ആരംഭിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് പ്രമുഖ കമ്പനികളുമായി ഇതിനകം ധാരണയിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. 2020ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷൻ 2030െൻറ ഭാഗമായി മക്ക മേഖലയിൽ പൂർത്തിയാകുന്ന ആദ്യത്തെ പദ്ധതിയായിരിക്കും ഇത്. 48 ദശലക്ഷം ചതുരശ്രമീറ്ററിൽ നടപ്പിലാക്കുന്ന പദ്ധതി ചെലവ് 313 കോടി റിയാൽ വരുമെന്നാണ് കണക്ക്. ത്വാഇഫിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് പുതിയ എയർപോർട്ട് പദ്ധതി നടപ്പിലാക്കുന്നത്. സൂഖ് ഉക്കാദ് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം മേഖല ഗവർണറേറ്റിന് കീഴിൽ ആരംഭിച്ചിട്ടുണ്ട്. ഉക്കാദ് കൂടാരം, ഒാഡിറ്റോറിയം, റോഡുകൾ, വൈദ്യുതി എന്നിവ ഇതിനകം നടപ്പിലാക്കി. വിഷൻ 2020ൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പാണ് ഇൗ പദ്ധതി നടപ്പിലാക്കുന്നത്. സൗദി മന്ത്രി സഭ ഇതിന് അംഗീകാരം നൽകുകയും 815 ദശലക്ഷം റിയാൽ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. മൂന്നാമത്തെ പദ്ധതി ടെക്നിക്കൽ പാർക്കാണ്.
കിങ് അബ്ദുൽ അസീസ് സയിൻസ് ആൻറ് ടെക്നോളജി സിറ്റിക്ക് കീഴിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 35 ദശലക്ഷം ചതുരശ്രമീറ്ററിലാണ് ഇത് നടപ്പിലാക്കുന്നത്. സ്ഥലം കൈമാറുന്ന നടപടികൾ പൂർത്തിയായി. ചെറിയ വിമാന നിർമാണ അസംബ്ളി യൂനിറ്റ്, സോളാർ പാനൽ ബോർഡ് നിർമാണ പ്ളാൻറ് തുടങ്ങി വലിയ പദ്ധതികൾ സിറ്റിക്ക് കീഴിലുണ്ടാക്കാനാണ് പരിപാടി. നാലാമത്തേത് പാർപ്പിട പദ്ധതിയാണ്. പതിനായിരത്തിലധികം ഹൗസിങ് യൂനിറ്റുകൾ ഉൾക്കൊള്ളുന്നതാണിത്. മക്ക മേഖലയിലെ ഏറ്റവും വലിയ പാർപ്പിട പദ്ധതി പദ്ധതിയാകുമെന്നാണ് വിലയിരുത്തൽ. ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പുതിയ വ്യവസായ നഗരി ത്വാഇഫിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് നിർമിക്കുന്നത്. 11 ദശലക്ഷം ചതുരശ്രമീറ്ററിൽ നിർമിക്കുന്ന സിറ്റിക്ക് 120 ദശലക്ഷം റിയാലാണ് ചെലവ് കണക്കാക്കുന്നത്. ഹെവി, ലൈറ്റ് വ്യവസായ സ്ഥാപനങ്ങളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഇതിലുണ്ടാകും. വിവിധ കോളജുകളും താമസകേന്ദ്രങ്ങളോടും കൂടിയ വിദ്യാഭ്യാസനഗരി പദ്ധതി 16,34,4000 ചതുരശ്ര മീറ്ററിലാണ് നടപ്പിലാക്കുന്നത്. നിർമാണ ചെലവ് രണ്ട് ബില്യൻ റിയാൽ വരുമെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.