മാനവികതയുടെ കാരുണ്യമാണ് പ്രവാചകൻ –ആലങ്കോട് ലീലാകൃഷ്‌ണൻ
text_fieldsറിയാദ്: മാനവികതക്ക് ദൈവം നിശ്ചയിച്ച കാരുണ്യമാണ് പ്രവാചകൻ മുഹമ്മദെന്ന് കവിയും എഴുത്തുകാരനും ഗാനരചയിതാവുമായ ആലങ്കോട് ലീലാകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. തനിമ സാംസ്‌കാരികവേദി നടത്തുന്ന 'പ്രവാചകെൻറ വഴിയും വെളിച്ചവും' എന്ന സന്ദേശ പ്രചാരണത്തിെൻറ പ്രമേയവിശദീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നാനിയിൽ പിറന്ന താൻ മതസൗഹാർദത്തിെൻറ മികച്ച ഉദാഹരണങ്ങൾ ജീവിതത്തിൽ അനുഭവിച്ചവനാണെന്ന് അദ്ദേഹം പറഞ്ഞു. ഗാനം ആലപിച്ചും സദസ്സിനോട് സംവദിച്ചുമാണ് അദ്ദേഹം ഉദ്‌ഘാടനപ്രസംഗം നിർവഹിച്ചത്.
പ്രവാചകൻ ജനിച്ച റബീഉൽ അവൽ മാസത്തിൽ ആ മഹദ്വ്യക്തിത്വത്തിെൻറ ജീവിതമാതൃകകൾ പകർത്താൻ നാം പരിശ്രമിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറിയും 'വിഷൻ 2026' പദ്ധതികളുടെ ചെയർമാനുമായ ടി. ആരിഫലി പറഞ്ഞു. സന്ദേശ പ്രചാരണത്തിെൻറ പ്രമേയമായ മാനവികത, കാരുണ്യം, സമാധാനം എന്നിവയെക്കുറിച്ച് അധ്യക്ഷപ്രസംഗത്തിൽ തനിമ സാംസ്‌കാരികവേദി കേന്ദ്ര പ്രസിഡൻറ് കെ.എം. ബഷീർ സംസാരിച്ചു. റിയാദിലെ സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രതിനിധാനംചെയ്ത് ജയൻ കൊടുങ്ങല്ലൂർ, വിനി വേണുഗോപാൽ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പെടെ 700ഓളം പേർ പങ്കെടുത്തു. തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് അസ്ഹർ പുള്ളിയിൽ സ്വാഗതവും പ്രചാരണ കൺവീനർ താജുദ്ദീൻ ഓമശ്ശേരി നന്ദിയും പറഞ്ഞു. തൗഫീഖ് മങ്കട അവതാരകനായി. ബഷീർ രാമപുരം ഖിറാഅത്ത് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.