മുഹമ്മദ് നബി അനുകരിക്കപ്പെടേണ്ട അത്യുജ്ജ്വല വ്യക്തിത്വം -മുസ്തഫ തൻവീർ
text_fieldsജിദ്ദ: വിട്ടുവീഴ്ചയുടെയും സഹജീവികളോടുള്ള കാരുണ്യത്തിന്റെയും ഉദാത്തമായ മാതൃക കാണിച്ച അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെ വിശ്വാസികൾ തങ്ങളുടെ കർമമണ്ഡലത്തിലേക്ക് എത്രത്തോളം ആവാഹിച്ചിരിക്കുന്നുവെന്ന് ഓരോരുത്തരും ആത്മവിചാരം നടത്തുമ്പോഴാണ് പ്രവാചകസ്നേഹം അർഥവത്താകുന്നതെന്ന് ഇസ്ലാമിക പ്രബോധകൻ മുസ്തഫ തൻവീർ അഭിപ്രായപ്പെട്ടു.
‘മുഹമ്മദ് നബി: അനിതരമായ സൗന്ദര്യമുള്ള അത്യുജ്ജ്വല ജീവിതം’എന്ന വിഷയത്തിൽ ജിദ്ദ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളങ്കമില്ലാത്ത ജീവിതവിശുദ്ധിയോടുകൂടി ജനസമക്ഷത്തിൽ ജീവിച്ച പ്രവാചക ജീവിതത്തെ മുൻവിധികളില്ലാതെ നിഷ്പക്ഷമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും ആ ജീവിതത്തെ പകർത്തുവാൻ അല്ലാതെ ഇകഴ്ത്തുവാൻ ഒരിക്കലും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനെ അവഹേളിക്കുകയും പരിഹസിക്കുകയും തുടർച്ചയായി നിന്ദിക്കുകയും ചെയ്യുക വഴി അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാം എന്ന് വ്യാമോഹിക്കുന്നവർ മൂഢസ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ സദാദ് അബ്ദുസ്സമദ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന നബിനിന്ദകളെ കുറിച്ച് അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി.
അൽസഫ ജാലിയത്ത് പ്രതിനിധി ഷെയ്ഖം മശ്ഹൂർ അൽ ശുഹൈബി ഉദ്ഘാടനം ചെയ്തു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഉപാധ്യക്ഷൻ നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും ഷാഫി മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.