സുരക്ഷയും സാമ്പത്തിക സ്രോതസ്സുകളും സംരക്ഷിക്കുക പ്രധാനം -സൗദി പ്രതിരോധമന്ത്രി
text_fieldsറിയാദ്: മേഖലയുടെ സുരക്ഷയും സാമ്പത്തിക സ്രോതസ്സുകളും സംരക്ഷിക്കുക പ്രധാനമാണെന്ന് സൗദി പ്രതിരോധമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ.
റിയാദിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) പ്രതിരോധ മന്ത്രിമാരുടെ 19 ആം ജോയിന്റ് ഡിഫൻസ് കൗൺസിൽ യോഗത്തിൽ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽ ഹജ്‌റഫ്, ജി.സി.സി യുനിഫൈഡ് മിലിട്ടറി കമാൻഡിന്റെ കമാൻഡർ ലഫ്. ജനറൽ ഈദ് ബിൻ അവാദ് എന്നിവർ കൗൺസിൽ യോഗത്തിൽ സന്നിഹിതരായിരുന്നു.
ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് സൽമാനും വേണ്ടി പ്രതിരോധ മന്ത്രി കൗൺസിൽ അംഗങ്ങളെ സ്വാഗതം ചെയ്തു.
ഗൾഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ദേശീയ താൽപര്യങ്ങളും സാമ്പത്തിക സ്രോതസ്സുകളും സംരക്ഷിക്കുക എന്നത് തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ അമീർ ഖാലിദ് ഇതിൽ രാഷ്ട്ര നേതാക്കളുടെ മാർഗനിർദേശങ്ങൾ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. അംഗരാജ്യങ്ങളുടെ സുരക്ഷയും പൗരന്മാരുടെ ക്ഷേമവും മുൻനിർത്തി സൈനിക ശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം എടുത്ത് പറഞ്ഞു. സംയുക്ത സൈനിക നടപടി അടക്കമുള്ള വിഷയങ്ങളിൽ അംഗരാജ്യങ്ങളും സെക്രട്ടറി ജനറലും നൽകുന്ന മർഗ്ഗനിർദേശങ്ങൾക്കും നടത്തുന്ന ശ്രമങ്ങൾക്കും പ്രതിരോധ മന്ത്രി നന്ദി രേഖപ്പെടുത്തി.
സൗദിക്ക് നേരെ ഇറാന്റെ ഭീഷണി നിലനിൽക്കുന്നതായി വാർത്തകൾ വരുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ജോയന്റ് കൗൺസിൽ യോഗത്തിനും ചർച്ചകൾക്കും അതീവ പ്രധാന്യമുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.