ഗുജറാത്ത് മുസ്ലിം വംശഹത്യയിൽ നിയമപോരാട്ടം നടത്തിയവരുടെ അറസ്റ്റ് പ്രതിഷേധാർഹം -'പ്രവാസി'
text_fieldsദമ്മാം: ഗുജറാത്തിൽ നടന്ന വംശഹത്യക്കെതിരെ നിയമപോരാട്ടം നടത്തിയ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്ത ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഏകാധിപത്യ ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി പ്രസ്താവിച്ചു.
അധികാരത്തിന്റെ ബലത്തിൽ ബ്യൂറോക്രസി, അന്വേഷണസംഘം എന്നിവരെ സ്വാധീനിച്ച് കോടതിയിൽനിന്ന് ക്ലീൻ ചിറ്റ് തരപ്പെടുത്തി ഗുജറാത്ത് വംശഹത്യയുടെ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാനാണ് അമിത്ഷായും മോദിയും ശ്രമിക്കുന്നത്.
എന്നാൽ, ഇന്ത്യയിലെ ജനാധിപത്യ സമൂഹം ഗുജറാത്ത് വംശഹത്യയെക്കുറിച്ച് തികഞ്ഞ ബോധ്യം ഉള്ളവരാണ്.
ഇഹ്സാൻ ജഫ്രി അടക്കം ഗുജറാത്തിൽ കൊലചെയ്യപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ രക്തത്തിനു പിന്നിൽ മോദിയുടെയും അമിത് ഷായുടെയും കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.
ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്ത് ജയിലിലടക്കാം എന്ന് വരുന്നത് ഇന്ത്യയിൽ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
ആർ.എസ്.എസിന്റെ വംശീയ പദ്ധതിക്കെതിരെ ജനാധിപത്യ വിശ്വാസികൾ നടത്തുന്ന സമരങ്ങളോട് പ്രവാസി ഐക്യദാർഢ്യം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.