സൗദിക്ക് അഭിമാന നിമിഷം; റയാന അൽ ബർനാവിയും അലി അൽ ഖർനിയും ബഹിരകാശത്തേക്ക് പുറപ്പെട്ടു
text_fieldsജിദ്ദ: ബഹിരാകാശ യാത്ര രംഗത്ത് സൗദി അറേബ്യക്ക് ചരിത്ര നിമിഷം. ഏറെ കാത്തിരിപ്പിനും ഒരുക്കങ്ങൾക്കും പരിശീലനങ്ങൾക്കുമൊടുവിൽ സൗദി ബഹികാര സഞ്ചാരികളായ റയാന അൽ ബർനാവിയും അലി അൽ ഖർനിയും ബഹിരകാശത്തേക്ക് പുറപ്പെട്ടു. നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സൗദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും ഉൾപ്പെടുന്ന സംഘം യാത്രതിരിച്ചത്. ബഹിരാകാശത്തേക്ക് പോകുന്ന അറബ് മുസ്‍ലിം ലോകത്തെ ആദ്യ വനിതയാണ് റയാന അൽ ബർനാവി.
‘സ്‌പേസ് എക്‌സ്’ നിർമിച്ച ‘ഫാൽക്കൺ 9’ മിസൈൽ ആണ് റയാന അൽ ബർനാവിയെയും അലി അൽ ഖർനിയെയും വഹിച്ച് യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് വിക്ഷേപിച്ചത്. മുൻ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണും അമേരിക്കൻ സംരംഭകൻ ജോൺ ഷോഫ്‌നറും ഒപ്പമുണ്ട്. അമേരിക്കയിൽ ഒരു വർഷത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് റയാനയും അലിയും ബഹികാരത്തേക്ക് പുറപ്പെട്ടത്. ഇരുവരും ഞായറാഴ്ചയാണ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിൽ എത്തിയത്. ‘ഡ്രാഗൻ 2’ വാഹനത്തിലേക്ക് കയറും മുമ്പ് അവർ കുടുംബങ്ങളെ കണ്ടിരുന്നു.
യാത്രക്ക് തൊട്ട് മുമ്പ് നടത്തിയ വാർത്ത സമ്മേളനത്തിൽ സൗദി ബഹിരാകാശ അതോറിറ്റി ഉപദേഷ്ടാവ് എൻജിനീയർ മിശ്അൽ അൽശംമരിയും യു.എസ് ബഹിരാകാശ ഏജൻസിയുടെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനായുള്ള അമേരിക്കൻ പ്രോഗ്രാം മേധാവികളും പങ്കെടുത്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സൗദി ബഹിരാകാശ സഞ്ചാരികളായ റയാന അൽ ബർനാവിയുടെയും അലി അൽ ഖർനിയുടെയും ശാസ്ത്ര ദൗത്യം വിജയകരമാകുമെന്ന് സൗദി ബഹിരാകാശ ഉപദേഷ്ടാവ് മിശ്അൽ അൽശംമരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത് സൗദി അറേബ്യയുടെയും മുഴുവൻ അറബ് രാജ്യങ്ങളുടെയും ചരിത്ര നിമിഷമാണ്. സൗദി, അറബ് യുവാക്കൾക്ക് പ്രചോദനത്തിന്റെ ഉറവിടമാണെന്നും അദ്ദേഹം പറഞ്ഞു. നാസ, ആക്‌സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവയുമായുള്ള സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. സൗദി ബഹിരാകാശയാത്രികരുടെ ശാസ്ത്രീയ ദൗത്യത്തിൽ രാജ്യത്തുടനീളമുള്ള സൗദി പൗരന്മാർ ആവേശഭരിതരാണ്. സൗദി ബഹിരാകാശയാത്രികരുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രീയ ദൗത്യം ആരംഭിക്കുന്നതിനോടനുബന്ധിച്ച് റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നിവിടങ്ങളിൽ പ്രദർശനങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതിനിടെ ബഹിരാകാശത്തേക്കുള്ള യാത്രക്കിടയിൽ സ്‌പേസിൽ നിന്നും റയാദ അൽ ബർനാവിയും അലി അൽ ഖർനിയും ആദ്യ വിഡിയോ സന്ദേശമയച്ചു. കാലങ്ങളായുള്ള തങ്ങളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ഇരുവരും പങ്കുവെച്ചു. ചരിത്രയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അവർ, ഇതിന് അവസരം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പ്രത്യേക നന്ദിയും പറഞ്ഞു. പത്ത് ദിവസം ബഹിരാകാശ നിലയത്തിലുണ്ടാവുന്ന സംഘം, ഇരുപതോളം പരീക്ഷണങ്ങള്‍ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.