സ്കൂളുകൾക്ക് സംഗീതോപകരണങ്ങൾ നൽകുന്നു
text_fieldsദമ്മാം: സൗദി സാംസ്കാരിക മന്ത്രാലയം രാജ്യത്തെ 100 സ്കൂളുകൾക്ക് സംഗീതോപകരണങ്ങൾ വിതരണം ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ വർഷമാണ് സൗദിയിലെ സ്കൂളുകളിൽ സംഗീത പഠനത്തിന് മന്ത്രാലയം അനുമതി നൽകിയത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ മേഖലയിലെ 100 അന്താരാഷ്ട്ര സ്കുളുകൾക്ക് സംഗീത ഉപകരണങ്ങൾ നൽകി സംഗീത പഠനത്തെ പരിപോഷിപ്പിക്കാനാണ് മന്ത്രാലയം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
സ്കുളുകൾക്ക് ജൂലൈ അവസാനം വരെ ഇതിനായി അപേക്ഷകൾ സമർപ്പിക്കാം. സംഗീത മേഖലയിലെ വിദഗ്ധർ അടക്കമുള്ള സംഘം സ്കുളുകൾ സന്ദർശിച്ച ശേഷമായിരിക്കും സഹായങ്ങൾ നൽകുക. ആഗസ്റ്റ് 14 ന് സ്കുളുകളുടെ പേരു വിവരം മന്ത്രാലയം പ്രഖ്യാപിക്കും. വിദ്യാഭ്യാസത്തോടൊപ്പം പാഠ്യേതര മേഖലകളിൽ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിെൻറ സാംസ്കാരിക വളർച്ചക്ക് ഇത് ഉപകരിക്കും എന്നാണ് വിലയിരുത്തൽ.
സാംസ്കാരിക പരിപാടികളിൽ മ്യൂസിക്കൽ ഷോകൾ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സമന്വയിപ്പിച്ച് സംഘടിപ്പിക്കാൻ ഉതകുന്ന തരത്തിൽ സ്കൂളുകൾ മികവ് പുലർത്തണം എന്നും മന്ത്രാലയം നിർദേശിക്കുന്നു. സ്കൂളുകളിൽ സംസ്കാരം, കല തുടങ്ങിയവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും, നിലവാരം വികസിപ്പിക്കാനും കലാ വിഷയങ്ങളിലേക്ക് വിദ്യാർഥികളുടെ അറിവും നൈപുണ്യവും വർധിപ്പിക്കാനും മന്ത്രാലയം പദ്ധതികൾ തയാറാക്കുന്നതിെൻറ തുടക്കം കൂടിയാണിത്.
ഈ മേഖലയിൽ തുടക്കക്കാരായ സ്കുളുകളെ പിന്തുണക്കുകയും, ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുക ഇതിെൻറ മറ്റൊരു ലക്ഷ്യമാണ്. പാഠ്യേതര കലാ-സാംസ്കാരിക പരിപാടികളിൽ വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നതിലൂടെ ഉയർന്ന ബോധമുള്ള സാംസ്കാരിക സൃഷ്ടിയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.