സൗദിയിൽ വേട്ടയാടലിന് നിബന്ധനകളോടെ താൽക്കാലിക അനുമതി
text_fieldsറിയാദ്: സൗദി അറേബ്യയിൽ വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടാൻ കർശന നിയന്ത്രണങ്ങളോടെ താൽക്കാലിക അനുമതി. നവംബർ ഒന്നുമുതൽ അടുത്ത വർഷം ജനുവരി 14 വരെയാണ് നിശ്ചയിക്കപ്പെട്ട പരിധിക്കുള്ളിൽ മാത്രം വേട്ടയാടൽ നടത്താൻ പരിസ്ഥിതി ജലം കാർഷിക മന്ത്രാലയത്തിെൻറ കീഴിലുള്ള ദേശീയ വന്യജീവി വികസന കേന്ദ്രം അനുമതി നൽകിയത്.
ചില പ്രത്യേക മൃഗങ്ങളെയും വേട്ടയാടലിന് നിലവിൽ നിരോധനമുള്ള പ്രദേശങ്ങളിലെ പരിമിതമായ സ്ഥലങ്ങളിലും മാത്രം താൽക്കാലിക അനുമതി നൽകി തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. വന്യജീവികളെ സംരക്ഷിക്കുന്ന ചട്ടങ്ങൾക്കും നിയമങ്ങൾക്കും ഉള്ളിൽനിന്ന് വേണം വേട്ടയാടൽ. സംരക്ഷിത മൃഗങ്ങളിൽ ഉൾപ്പെടാത്ത ജീവികളെ മാത്രമേ വേട്ടയാടാൻ പാടുള്ളൂ. കൊമ്പുള്ള അറേബ്യൻ മാൻ (ഓറിക്സ്), പുള്ളിമാന്, കാട്ടാട്, അറേബ്യൻ കടുവ, കാട്ടുപൂച്ച, ചെന്നായ്, കാട്ടുനായ് തുടങ്ങിയ മൃഗങ്ങളെയും വംശനാശഭീഷണിയിലുള്ള മറ്റു ജീവികളെയും പക്ഷികളെയും വേട്ടയാടാൻ പാടില്ല.
ഉപയോഗിക്കുന്നവരുടെ പേരിൽ ലൈസൻസുള്ള എയർ ഗൺ ഉപയോഗിച്ച് മാത്രമേ വേട്ടായാടാവൂ. ഒരു തവണ ഒന്നിലേറെ മൃഗങ്ങളെയോ പക്ഷികളെയോ പിടികൂടാനോ വീഴ്ത്താനോ പാടില്ല. എയർ ഗൺ ഉപയോഗിച്ച് ഒരുതവണ ഒരു ജീവിയെ വേട്ടയാടാം. മറ്റ് ആയുധങ്ങളൊന്നും വേട്ടയാടലിന് ഉപയോഗിക്കരുത്. ഒരേസമയം കൂടുതൽ ചുറ്റ് വെടിയുതിർക്കുന്ന തോക്കിന് അനുമതിയില്ല. വലയിട്ട് ജീവികളെ പിടികൂടരുത്. വാതകം പ്രസരിപ്പിച്ച്
ജീവികളെ മയക്കി പിടികൂടാനും പാടില്ല. അനധികൃതമായ മറ്റൊരു വേട്ടയാടൽ മാർഗങ്ങളും അനുവദനീയമല്ലെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, നഗരപരിധിക്കുള്ളിലും ചെറുപട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും ജനവാസ മേഖലകൾക്കുള്ളിലും കൃഷിയിടങ്ങളിലും വിശ്രമഗേഹങ്ങളിലും സൈനിക കേന്ദ്രങ്ങളിലും വ്യവസായ മേഖലയിലും വേട്ടയാടലിന് അനുമതിയില്ല. ഏതുതരം മൃഗങ്ങളെയും പക്ഷികളെയും ഇൗ ഭാഗങ്ങളിൽ വേട്ടയാടാൻ പാടില്ല. അതുപോലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും നിയോം, റെഡ്സീ, അമാല, ഖിദ്ദിയ തുടങ്ങിയ ബൃഹത്തായ വികസന പദ്ധതി പ്രദേശങ്ങളിലും അൽസുധ, അൽഉല റോയൽ കമീഷൻ എന്നീ പൗരാണിക കേന്ദ്രങ്ങളിലും വേട്ടയാടലിന് നിരോധനം തുടരും. കടൽ തീരത്തുനിന്ന് അതല്ലാത്ത ഭൂപ്രദേശം വരെ 20 കിലോമീറ്റർ ദൂരത്തിൽ വേട്ടയാടൽ പാടില്ല. അൽഹുർറ് എന്നറിയപ്പെടുന്ന പ്രാപ്പിടിയൻ ഇനം ഒഴികെ ബാക്കി എല്ലാത്തരം പ്രാപ്പിടിയൻ പക്ഷികളെയും വേട്ടയാടലിന് വിധേയമാക്കാം. അതുപോലെ റൂബുൽ ഖാലി മേഖലയിലും വേട്ടയാടൽ നിരോധനത്തിന് ഇളവില്ല. രാത്രിയിലും രാജ്യാതിർത്തി മേഖലകളിലും പൊതുനിരത്തുകളിലും റെയിൽപാതകളിലും വേട്ടയാടൽ പാടില്ല.
ഇൗ നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്നവർ കടുത്ത ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എൺവയൺമെൻറൽ സെക്യൂരിറ്റി സ്പെഷൽ ഫോഴ്സ് നിയമലംഘകരെ പിടികൂടുമെന്നും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുമെന്നും പരിസ്ഥിതി മന്ത്രാലയം ഉത്തരവിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.