ബസ് ഡ്രൈവർമാർ തുടർച്ചയായി നാലര മണിക്കൂറിൽ കൂടുതൽ വാഹനമോടിക്കരുത്; വിലക്കുമായി സൗദി
text_fieldsറിയാദ്: സൗദി പൊതുഗതാഗത സംവിധാനങ്ങൾക്ക് കീഴിലുള്ള ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യുന്നതിൽ നിന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (പി.ടി.എ) വിലക്കി. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതും റോഡപകടങ്ങൾ ഒഴിവാക്കുന്നതും മുൻനിർത്തിയാണ് പി.ടി.എയുടെ നടപടി. ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യവും പുതിയ മാർഗനിർദേശത്തിന് പിന്നിലുണ്ട്. ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുനൽകുംവിധം റോഡ് സുരക്ഷ, നല്ല ഗതാഗത അന്തരീക്ഷം എന്നിവ ഉറപ്പാക്കാനും പുതിയ മാർഗനിർദേശം സഹായകമാകുമെന്ന് അതോറിറ്റി വ്യക്തമാക്കി.
നാലര മണിക്കൂർ തുടർച്ചയായി വാഹനമോടിച്ചാൽ ഡ്രൈവർക്ക് 45 മിനിറ്റ് വിശ്രമവേള എന്ന നിലക്ക് ഓട്ടം നിർത്തിവയ്ക്കണം. വാഹനം നിർത്തിയിടുന്ന കാലയളവ് ആദ്യ തവണ 15 മിനിറ്റിൽ കുറയാതെയും തുടർന്ന് 30 മിനിറ്റ് എന്ന നിലക്കും വിഭജിക്കാം. വിശ്രമത്തിന് അനുവദിച്ച സമയത്ത് ഡ്രൈവർ മറ്റ് ജോലികളൊന്നും ചെയ്യാൻ പാടില്ല. 24 മണിക്കൂറിനുള്ളിലെ ഡ്രൈവിങ് ദൈർഘ്യം ഒമ്പത് മണിക്കൂറിൽ കൂടരുതെന്നും നിബന്ധനയുണ്ട്. ആഴ്ചയിൽ രണ്ട് തവണ മാത്രം പരമാവധി 10 മണിക്കൂർ വരെ നീട്ടാമെന്നും അതോറിറ്റി വ്യക്തമാക്കി.
ആഴ്ചയിലെ ഡ്രൈവിങ് ദൈർഘ്യം 56 മണിക്കൂറിൽ കൂടരുതെന്നും തുടർച്ചയായി രണ്ടാഴ്ചയിൽ ഡ്രൈവിങ് സമയം 90 മണിക്കൂറിൽ കൂടരുതെന്നും വ്യവസ്ഥയുണ്ട്. ഡ്രൈവർക്ക് കമ്പനി അനുവദിക്കുന്ന പ്രതിദിന വിശ്രമ കാലയളവ് തുടർച്ചയായി 11 മണിക്കൂറിൽ കുറവായിരിക്കരുത്. ബസിനുള്ളിൽ വിശ്രമിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വിശ്രമവേളകൾ പരമാവധി ബസിന് പുറത്ത് ചെലവഴിക്കണമെന്നും അതോറിറ്റി സൂചിപ്പിച്ചു. പൊതുഗതാഗത ബസുകൾ, ദീർഘദൂര വാടക ബസുകൾ, ദേശാന്തര സർവിസ് നടത്തുന്ന ബസുകൾ, ടൂറിസ്റ്റ് ബസുകൾ എന്നിവക്കെല്ലാം മാർഗനിർദേശങ്ങൾ ബാധകമാണ്. ഡ്രൈവിങ് സമയം, ദൈനംദിന, പ്രതിവാര വിശ്രമ സമയം എന്നിവയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ഡ്രൈവർമാരും ബാധ്യസ്ഥരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.