വഖഫ് ഭേദഗതി ഭരണഘടനക്കും മൗലികാവകാശങ്ങൾക്കുമെതിര് -ജനകീയ സംഗമം
text_fieldsമുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ജനകീയ സംഗമത്തിൽ ‘വഖഫ് ഭേദഗതി നിയമം ലക്ഷ്യം
വെക്കുന്നതെന്ത്’ എന്ന വിഷയം ഷാഫി തുവ്വൂർ അവതരിപ്പിക്കുന്നു
റിയാദ്: ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന മൗലികാവകാശങ്ങൾക്കും ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന പ്രത്യേക പരിഗണനക്കുമെതിരാണ് നിലവിലെ വഖഫ് നിയമ ഭേദഗതിയെന്ന് റിയാദ് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സംഗമം അഭിപ്രായപ്പെട്ടു.
പാർലമെന്റിലും കോടതിയിലും തെരുവുകളിലും ഉയരുന്ന പ്രക്ഷോഭങ്ങൾക്ക് റിയാദിലെ വിവിധ സംഘടന പ്രതിനിധികൾ പിന്തുണ പ്രഖ്യാപിച്ചു. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനകീയ സംഗമത്തിൽ ‘വഖഫ് ഭേദഗതി നിയമം ലക്ഷ്യം വെക്കുന്നതെന്ത്’ എന്ന വിഷയം ഷാഫി തുവ്വൂർ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്ക് പ്രതീക്ഷ എന്ന പേരിൽ കൊണ്ടുവന്ന ഈ നിയമം എൻ.ആർ.സി പോലെ നിയമവിരുദ്ധവും ന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും സാമ്പത്തികവുമായ അവകാശങ്ങളിലുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷം 44 ഭേദഗതികൾ നിർദേശിച്ചുവെങ്കിലും ഒന്നുപോലും പരിഗണിക്കാതിരുന്നത് വംശീയ ഫാഷിസ്റ്റ് നിലപാടിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. തൗഫീഖ് റഹ്മാൻ ഖിറാഅത്ത് നിർവഹിച്ചു. മതേതര ബഹുസ്വരത തകർക്കുന്ന ഡൈനോസറുകളെ ചെറുത്ത് തോൽപ്പിക്കണമെന്ന് ഐ.സി.എഫ് പ്രതിനിധി ജാബിർ അലി പത്തനാപുരവും വിദ്യാഭ്യാസ നയം, കർഷക നയം, മുസ്ലിം ന്യൂനപക്ഷ നയങ്ങൾ തുടങ്ങി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന എല്ലാ നിയമങ്ങളും ജനവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് ആർ.ഐ.ഐ.സി പ്രതിനിധി ഫർഹാൻ കാരക്കുന്നും വ്യക്തമാക്കി.
ഇപ്പോൾ മുസ്ലിം സമൂഹത്തെ ഉന്നം വെക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങൾ ഒടുവിൽ പിന്നോക്ക ജനവിഭാഗങ്ങളെ പിടികൂടുന്ന ചാതുർവർണ്യത്തിലായിരിക്കും കലാശിക്കുകയെന്ന് ഒ.ഐ.സി.സി പ്രതിനിധി അഡ്വ. എൽ.കെ. അജിത് മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ അഭിനന്ദിച്ച എസ്.ഐ.സി പ്രതിനിധി സയ്യിദ് സുല്ലമി മുനമ്പം വിഷയത്തിൽ കേന്ദ്രത്തിന് വാക്ക് പാലിക്കാനായില്ലെന്നും പറഞ്ഞു.
തനിമ പ്രതിനിധി സിദ്ദീഖ് ബിൻ ജമാൽ വഖഫ് ഭേദഗതി നിയമത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ ആഘാതങ്ങൾ സാധാരണ പ്രവാസികളിലേക്ക് എത്തിക്കാൻ സംഘടനാ ഭാരവാഹികളോട് അഭ്യർഥിച്ചു. മാധ്യമപ്രവർത്തകനായ നജീം കൊച്ചുകലുങ്ക്, യു.പി. മുസ്തഫ (കെഎംസിസി), ഷാനിബ് അൽഹികമി (ആർ.ഐ.സി.സി), ജയൻ കൊടുങ്ങല്ലൂർ (ഫോർക), സലീം പള്ളിയിൽ (എം.ഇ.എസ്), ഡോ. മുഹമ്മദ് റഫി ചെമ്പ്ര എന്നിവർ സംസാരിച്ചു. മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി കൺവീനർ റഹ്മത്തെ ഇലാഹി നദ്വി സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. ജലീൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.