സൗദി ഗതാഗത മേഖലയിൽ മൂന്നു ലക്ഷം തൊഴിലവസരങ്ങൾ
text_fieldsറിയാദിൽ ഇന്റർനാഷനൽ ലേബർ മാർക്കറ്റ് സമ്മേളനത്തിൽ ഗതാഗത-ലോജിസ്റ്റിക്സ്
ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അൽറുമൈഹ് സംസാരിക്കുന്നു
റിയാദ്: സൗദി ഗതാഗത മേഖലയിൽ മൂന്ന് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ജനറൽ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാനും ഗതാഗത-ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രിയുമായ ഡോ. റുമൈഹ് അൽറുമൈഹ്.
റിയാദിൽ ഇന്റർനാഷനൽ ലേബർ മാർക്കറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലു വർഷത്തിനിടെ ഈ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിൽ 100 ശതമാനം വർധനയുണ്ടായി. സൗദി പൗരന്മാരുടെ പങ്കാളിത്തം 47 ശതമാനം വർധിച്ചു.
ഗതാഗത മേഖലയിലെ സൗദി വനിതകളുടെ പങ്കാളിത്തവും ഇക്കാലയളവിൽ 84 ശതമാനം വർധിച്ചു.
സ്ത്രീകൾ ട്രെയിനുകൾ ഓടിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഈ നേട്ടങ്ങളുണ്ടാക്കിയതെന്നും അൽറുമൈഹ് പറഞ്ഞു.
ഗതാഗത-ലോജിസ്റ്റിക്സ് സേവന മന്ത്രാലയം മറൈൻ ട്രാൻസ്പോർട്ട്, ലാൻഡ് ട്രാൻസ്പോർട്ട്, ഏവിയേഷൻ, ലോജിസ്റ്റിക്സ് സേവനങ്ങൾക്ക് പദ്ധതി വികസിപ്പിച്ചെടുത്തതിനാൽ വ്യോമയാന, റെയിൽവേ, നാവിക മേഖലകളിൽ നാലിരട്ടി നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് അൽറുമൈഹ് സൂചിപ്പിച്ചു.
പരിശീലനം സിദ്ധിച്ചതും വൈദഗ്ധ്യമുള്ളതുമായ മനുഷ്യ മൂലധനത്തിന്റെ പ്രാധാന്യം മന്ത്രാലയം പരിഗണിക്കുന്നു.
വ്യോമയാനം, തുറമുഖം, റെയിൽവേ, ലോജിസ്റ്റിക്സ് സേവന മേഖലകളുടെ സ്വകാര്യവത്കരണം ആരംഭിച്ചതായും ട്രാൻസ്പോർട്ട് അതോറിറ്റി മേധാവി വെളിപ്പെടുത്തി.
സ്വകാര്യവത്കരിക്കപ്പെട്ടതോ ഭാവിയിൽ സ്വകാര്യവത്കരിക്കപ്പെടുന്നതോ ആയ ചില കമ്പനികളെ അവലോകനം ചെയ്യുന്നു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സൗദി പോസ്റ്റ് (സബിൽ), സൗദി അറേബ്യൻ റെയിൽവേ (എസ്.എ.ആർ) എന്നിവ അവയിൽ ഉൾപ്പെടുന്നു. ഫലപ്രാപ്തി വർധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങൾ നൽകാനും ഇത് ലക്ഷ്യമിടുന്നു.
മാനുഷിക ഘടകത്തിന്റെ കഴിവുകൾ തൊഴിൽ വിപണിക്ക് അനുയോജ്യമായിരിക്കണം. അതിനായി സാങ്കേതിക വൈദഗ്ധ്യം പരിശീലിപ്പിക്കുന്നതിന് രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളുമായി ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു.
ഏവിയേഷൻ അക്കാദമിയും ലോജിസ്റ്റിക്സ് അക്കാദമിയും ഉൾപ്പെടെ മനുഷ്യ കേഡറുകളുടെ യോഗ്യതയിൽ കാര്യമായ സംഭാവന നൽകിയ ലാഭേച്ഛയില്ലാത്ത പരിശീലന അക്കാദമികൾ സ്ഥാപിച്ചതായും അൽറുമൈഹ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.