സൗദിയിലെ നാഷനൽ അഡ്രസില്ലാത്ത പാഴ്സലുകൾ സ്വീകരിക്കരുത്; ഷിപ്പിങ് കമ്പനികൾക്ക് നിർദേശം നൽകി പൊതുഗതാഗത അതോറിറ്റി
text_fieldsറിയാദ്: സൗദി പോസ്റ്റ് ഓരോ വ്യക്തിക്കും നൽകുന്ന നാഷനൽ അഡ്രസ് ഇല്ലാത്ത ഷിപ്പ്മെൻറുകൾ സ്വീകരിക്കരുതെന്ന് ഷിപ്പിങ് കമ്പനികൾക്ക് നിർദേശം നൽകി പൊതുഗതാഗത അതോറിറ്റി. എല്ലാ പാഴ്സൽ ഷിപ്പിങ് കമ്പനികളും ദേശീയ വിലാസം രേഖപ്പെടുത്താത്ത തപാൽ ഷിപ്പ്മെൻറ് സ്വീകരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുത്. അടുത്ത വർഷം ജനുവരി മുതൽ നിർദേശം നിയമമായി പ്രാബല്യത്തിൽവരുമെന്നും അതോറിറ്റി വ്യക്തമാക്കി.
പാഴ്സൽ ഷിപ്പിങ് മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡെലിവറി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചുവടുവെപ്പിെൻറ ഭാഗമാണ് പുതിയ നിയമം. ഷിപ്പിങ് കമ്പനി പ്രതിനിധികളും ഉപഭോക്താക്കളും തമ്മിൽ അനാവശ്യ ആശയവിനിമയത്തിനുള്ള സാധ്യത കുറയ്ക്കുകയും ഇതിെൻറ ലക്ഷ്യമാണ്.
പാഴ്‌സൽ ഷിപ്പിങ് കമ്പനികളുടെ പ്രവർത്തനങ്ങളിൽ കൃത്യതയും വേഗവും ഇടപാടുകളിൽ ഉയർന്ന നിലവാരവും കൈവരിക്കാൻ ഇത് സഹായിക്കും. അബ്‌ഷിർ, തവക്കൽന, സ്വിഹത്തി, സുബുൽ എന്നീ നാല് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ എല്ലാവർക്കും അവരുടെ ദേശീയ വിലാസം കണ്ടെത്താൻ കഴിയുമെന്ന് അതോറിറ്റി വിശദീകരിച്ചു. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിെൻറ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനുള്ള പിന്തുണയുടെ ചട്ടക്കൂടിനുള്ളിലാണ് അതോറിറ്റിയുടെ ഇൗ തീരുമാനം.
പാഴ്‌സൽ ഗതാഗത മേഖല വികസിപ്പിക്കുന്നതിനുള്ള പൂർണ പ്രതിബദ്ധതയുടെ ഭാഗവും കൂടിയാണ് ഈ തീരുമാനം. ഇത് സുസ്ഥിരത വർധിപ്പിക്കുകയും ഈ രംഗത്തെ പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്നും ഗതാഗത അതോറിറ്റി പറഞ്ഞു.
ഇക്കഴിഞ്ഞ റമദാൻ മാസത്തിൽ ലൈസൻസുള്ള കമ്പനികൾ വിതരണം ചെയ്ത തപാൽ ഷിപ്പ്‌മെൻറുകളുടെ എണ്ണം 2.6 കോടി കവിഞ്ഞതായി അതോറിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വളർച്ചാനിരക്കാണ് ഉണ്ടായത്. ഇത് രാജ്യത്ത് പാഴ്സൽ ഷിപ്പിങ് മേഖല സാക്ഷ്യം വഹിക്കുന്ന ദ്രുതഗതിയിലുള്ള വികസനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.