സൗദിയിൽ പൊതുഗതാഗതം 'ഇമ്യൂൺ' സ്റ്റാറ്റസുള്ളവർക്ക് മാത്രം, ഫെബ്രു. ഒന്ന് മുതൽ
text_fieldsജിദ്ദ: ഫെബ്രുവരി ഒന്ന് മുതൽ സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവർ ബൂസ്റ്റർ ഡോസ് എടുത്തവരും തവക്കൽന ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവരുമായിരിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. രാജ്യത്തെ കര, കടൽ, റെയിൽവേ യാത്രാ സംവിധാനങ്ങളുടെ ഉപയോഗത്തിന് ഇത് നിർബന്ധമാണ്. എന്നാൽ, വാക്സിൻ എടുക്കുന്നതിൽ നിന്ന് ഇളവുനൽകപ്പെട്ട വിഭാഗങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ട്രെയിനുകൾ, ടാക്സികൾ, റെൻറ് എ കാറുകൾ, നഗരത്തിനകത്തും പുറത്തും യാത്രക്കാരെ എത്തിക്കുന്നതിനുള്ള ബസുകൾ, ജിസാനും ഫറസാൻ ദ്വീപിനും ഇടയിലുള്ള കപ്പലുകൾ എന്നിവയിൽ യാത്ര ചെയ്യാൻ നിബന്ധന പാലിക്കണം. കൂടാതെ അതോറിറ്റിയുടെ ആസ്ഥാനത്തും അതിന്‍റെ ശാഖകളിലും ബിസിനസ് സേവന, ഗതാഗത കേന്ദ്രങ്ങളിലും സ്റ്റേഷനുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനും ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്.
ഗതാഗത മാർഗങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് ഗുണഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതവും അനുയോജ്യവുമായ ഗതാഗത സേവനങ്ങൾ ഒരുക്കുന്നതിനുമാണെന്ന് അതോറിറ്റി വിശദീകരിച്ചു. ആളുകൾക്കിടയിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്‍റെ പ്രധാന്യത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പിന്‍റെ ശിപാർശയുടെ ഭാഗവുമാണിത്. എല്ലാവരും പൊതു ആരോഗ്യ അതോറിറ്റി (വിഖായ) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രതിരോധ നടപടികൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.