എംബസികളിലേക്ക് പൊതുഗതാഗത സൗകര്യം
text_fieldsറിയാദ്: വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതിചെയ്യുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് (ഡി.ക്യൂ) യാത്രക്ക് ഇനി പൊതുഗതാഗത സൗകര്യം.
റിയാദ് സിറ്റി റോയൽ കമീഷൻ നടപ്പാക്കുന്ന കിങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിനുകീഴിലാണ് സൗകര്യമൊരുക്കുന്നത്. റിയാദ് മെട്രോ ട്രെയ്നും ബസും വഴി എംബസികളിലേക്കുള്ള യാത്ര ഇതോടെ എളുപ്പമാകും.
ഡിപ്ലോമാറ്റിക് ക്വാർട്ടറിനും റിയാദ് മെട്രോ റെഡ് ലൈനിലെ കിങ് സഊദ് യൂനിവേഴ്സിറ്റി സ്റ്റേഷനുമിടയിൽ ബസ് സർവിസ് ആരംഭിച്ചു.
ഞായറാഴ്ച (മാർച്ച് 16) മുതലാണ് ബസ് സർവിസിന് തുടക്കമായത്. രാവിലെ ആറുമുതൽ രാത്രി 12 വരെ കിങ് സഊദ് യൂനിവേഴ്സിറ്റി സ്റ്റേഷനും ഡിപ്ലോമാറ്റിക് ക്വാർട്ടറിനും തുടർച്ചയായി ബസുകൾ സർവിസ് നടത്തും.
നഗരത്തിന്റെ ഏതുഭാഗത്തുനിന്നും ബസുകളിലോ ട്രെയ്നുകളിലോ കയറി യൂനിവേഴ്സിറ്റി സ്റ്റേഷനിലെത്താൻ കഴിയും.
ഇരുദിശകളിലും ദിവസവും രാവിലെ 6.30 മുതൽ അർധരാത്രി 12 വരെ ബസുകൾ സർവിസ് നടത്തും. ഇത് യാത്രക്ക് കൂടുതൽ സൗകര്യമൊരുക്കുകയും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കുകയും ചെയ്യും.
റിയാദിലെ പൊതുഗതാഗത സേവനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ‘ദർബ്’ ആപ്ലിക്കേഷൻ വഴി ഗുണഭോക്താക്കൾക്ക് ടൈംടേബിളുകളും ബസ് റൂട്ടുകളും കാണാൻ കഴിയും.
ജീവിത നിലവാരം ഉയർത്തുന്നതിനും തലസ്ഥാനത്തെ നഗര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. ഇതോടെ സമീപവാസികൾക്കും സന്ദർശകർക്കും ആധുനികവും സൗകര്യപ്രദവുമായ ഗതാഗത സേവനങ്ങൾ ലഭ്യമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.