റിയാദ് മെട്രോ ഖസറുൽ ഹുകും സ്റ്റേഷൻ നാളെ തുറക്കും
text_fieldsബത്ഹക്ക് സമീപം ദീരയിലെ ‘ഖസറുൽ ഹുകും’ സ്റ്റേഷൻ
റിയാദ്: റിയാദ് മെട്രോയിലെ ഏറ്റവും മനോഹരമായ സ്റ്റേഷനായ ഓറഞ്ച്, ബ്ലൂ ലൈനുകൾ സന്ധിക്കുന്ന ബത്ഹക്ക് സമീപം ദീരയിലെ ‘ഖസറുൽ ഹുകും’ ബുധനാഴ്ച പ്രവർത്തനം ആരംഭിക്കും.
രൂപകൽപനയിലും ഭൂമിക്കടിയിലേക്കുള്ള ആഴത്തിെൻറ കാര്യത്തിലും വാസ്തുനിർമാണ രീതിയിലും മറ്റ് റിയാദ് മെട്രോ സ്റ്റേഷനുകളിൽനിന്നെല്ലാം വ്യത്യസ്തത പുലർത്തുന്ന ഖസറുൽ ഹുകും ഏറ്റവും പ്രധാനപ്പെട്ട നാല് സ്റ്റേഷനുകളിലൊന്നാണ്. ഇത് കൂടി തുറക്കുന്നതോടെ റിയാദ് മെട്രോയിലെ നാല് പ്രധാനസ്റ്റേഷനുകളും പ്രവർത്തനനിരതമായിക്കഴിഞ്ഞു.
ആകെ 85 സ്റ്റേഷനുകളാണ് ആറ് മെട്രോ ലൈനുകളിലായുള്ളത്. ഇതിലിനി തുറക്കാൻ ബാക്കി എട്ട് സ്റ്റേഷനുകളാണ്. അെതല്ലാം ഓറഞ്ച് ലൈനിലാണ്.
മെട്രോയിലെ ഏറ്റവും നീളംകൂടിയ ഓറഞ്ച് ലൈനും (42 കിലോമീറ്റർ) രണ്ടാം സ്ഥാനത്തുള്ള ബ്ലൂ ലൈനും (39 കിലോമീറ്റർ) സന്ധിക്കുന്നത് ഖസറുൽ ഹുകും സ്റ്റേഷനിലാണ്. റിയാദ് പ്രവിശ്യാഭരണകൂടത്തിെൻറ ആസ്ഥാനമായ ഗവർണറേറ്റും സൗദി ജനറൽ കോടതിയും ഉൾപ്പടെ ഗവൺമെൻറുമായി ബന്ധപ്പെട്ട പ്രധാനസ്ഥാപനങ്ങളെല്ലാം ഈ സ്റ്റേഷന് സമീപമാണ്.
‘ഖസറുൽ ഹുകും’ എന്നാൽ ഗവൺമെൻറ് പാലസ് എന്നാണ് അർഥം. ഭൂമിക്കടിയിലും മുകളിലുമായി ഏഴ് നിലകളാണ് ഈ സ്റ്റേഷന്. ഭൂമിക്കടിയിൽ 40 അടി ആഴത്തിൽ 19,600 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.
ഇത് തുറക്കുന്നതോടെ റിയാദ് നഗരത്തിെൻറ വാണിജ്യകേന്ദ്രമായ ബത്ഹക്ക് സമീപം നാല് മെട്രോ സ്റ്റേഷനുകളായി. നാഷനൽ മ്യൂസിയം, അൽബത്ഹ, ഖസറുൽ ഹുകും, മർഖബ് സ്റ്റേഷനുകൾ. നഗരത്തിെൻറ വടക്കുതെക്ക്, കിഴക്കുപടിഞ്ഞാറ് ദിക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന രണ്ട് സുപ്രധാന (ബ്ലു, ഓറഞ്ച്) മെട്രോ ലൈനുകളാണ് ഈ സ്റ്റേഷനുകൾ വഴി ബത്ഹ കടന്നുപോകുന്നത്. നഗരത്തിെൻറ ഏത് ഭാഗത്തുനിന്നും ഇനി ബത്ഹയിലേക്ക് മെട്രോയിലെത്താൻ സാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.