സൗദി കിരീടാവകാശിയും ഖത്തർ അമീറും ജിദ്ദയിൽ ചർച്ച നടത്തി
text_fieldsജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും തമ്മിൽ ചർച്ച നടത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് തിങ്കളാഴ്ച രാത്രിയാണ് ഖത്തർ അമീർ സൗദിയിലെത്തിയത്. ജിദ്ദ കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ അമീറിനെയും സംഘത്തെയും കിരീടാവകാശി സ്വീകരിച്ചു. സൽമാൻ രാജാവിന്റെ അഭിവാദ്യങ്ങൾ കിരീടാവകാശി ഖത്തർ അമീറിനെ അറിയിച്ചു. സൗദി അറേബ്യ വീണ്ടും സന്ദർശിക്കാനായതിലും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താനായതിലുമുള്ള സന്തോഷം ഖത്തർ അമീർ പ്രകടിപ്പിച്ചു. സൽമാൻ രാജാവിനു അഭിവാദ്യം നേരുകയും ചെയ്തു.
ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ വെച്ച് നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം, അവ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും വിലയിരുത്തി. സ്റ്റേറ്റ് മന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, പ്രതിരോധ സഹമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷ ഉപദേശകനുമായ ഡോ. മുസാഇദ് ബിൻ മുഹമദ് അൽഅയ്ബാൻ, പൊതു നിക്ഷേപ ഫണ്ട് ഗവർണർ യാസിർ ബിൻ ഉസ്മാൻ അൽറുമയാൻ എന്നിവർ സംബന്ധിച്ചിരുന്നു.
ഖത്തറിന്റെ ഭാഗത്ത് നിന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ശൈഖ് ജുആൻ ബിൻ ഹമദ് അൽതാനി, ശൈഖ് ഖലീഫ ബിൻ ഹമദ് അൽതാനി, അമീരി ദീവാൻ മേധാവി ശൈഖ് സഊദ് ബിൻ അബ്ദുറഹ്മാൻ അൽതാനി, വാണിജ്യ വ്യവസായ മന്ത്രിയും ആക്ടിങ് ധനമന്ത്രിയുമായ അലി ബിൻ അഹ്മദ് അൽകവാരി എന്നിവരും ചർച്ച വേളയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.