ഖത്തറിലുള്ളവർക്ക് ഇനി പ്രയാസങ്ങളില്ലാതെ ഹജ്ജിനും ഉംറക്കുമെത്താം
text_fieldsജിദ്ദ: ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധം നിലനില്‍ക്കുന്നതിനിടയിൽ ഹജ്ജിനും ഉംറക്കും മറ്റും മക്ക, മദീന പുണ്യനഗരങ്ങൾ സന്ദർശിക്കാൻ സാധിക്കാതിരുന്ന പ്രയാസത്തിലായിരുന്നു ഖത്തര്‍ പൗരന്‍മാരും അവിടെയുള്ള വിദേശികളും. എന്നാൽ പുതിയ മഞ്ഞുരുക്കം ഈ പ്രതിസന്ധിക്ക് കൂടിയാണ് വിരാമമിട്ടിരിക്കുന്നത്. ഉപരോധം നിലനിൽക്കെത്തന്നെ ഖത്തറില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടകരെ വിശുദ്ധ ഭൂമിയിലേക്ക് സഊദി ഹജ്ജ് ഉംറ മന്ത്രാലയം സ്വാഗതം ചെയ്തിരുന്നു.
ദോഹയിലെ സൗദി എംബസി അടച്ചതിനാൽ സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും സൗദിയുടെ അംഗീകാരമുള്ള ഹജ്ജ്, ഉംറ കമ്പനികളുടെ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന ഖത്തരികള്‍ക്കും അവിടെയുള്ള പ്രവാസികള്‍ക്കും ഹജ്ജിനും ഉംറക്കും എത്താമെന്നുമായിരുന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നത്. ഖത്തര്‍ എയര്‍വേസ് ഒഴികെയുള്ള വിമാനങ്ങളില്‍ ജിദ്ദ കിങ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇവർക്ക് വരാൻ അനുവാദവും ഉണ്ടായിരുന്നു. ഇവരുടെ പ്രവേശന നടപടികള്‍ സൗദിക്കകത്ത് വച്ചുതന്നെ പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് സൗദി അറേബ്യ മുന്നോട്ട് വെച്ചിരുന്നത്.
എന്നാൽ നേരത്തെ സ്വന്തം വാഹനം മുഖേന കരമാർഗവും മറ്റുമൊക്കെയായി വളരെ എളുപ്പത്തിൽ സൗദിയിലെത്തിയിരുന്ന സൗകര്യങ്ങളെ അപേക്ഷിച്ചു പുതിയ രീതിയിലൂടെ ഉംറക്കെത്തുന്നത് ഖത്തർ പൗരന്മാർക്കും വിദേശികൾക്കും വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കിയതിനാൽ ഖത്തറിൽ നിന്നുള്ള തീർത്ഥാടകർ സൗദിയിലെത്തിയിരുന്നില്ല. ഖത്തറിലുള്ള വിദേശികൾ അവരുടെ സ്വന്തം നാടുകളിലെത്തി അവിടെ നിന്നായിരുന്നു ഉംറക്കും ഹജ്ജിനുമായി സൗദിയിലെത്തിയിരുന്നത്. മലയാളികളായ ഖത്തർ പ്രവാസികൾ അവധിക്ക് നാട്ടിൽ പോയതിന് ശേഷം നാട്ടിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളോടൊപ്പമാണ് ഹജ്ജിനും ഉംറക്കുമൊക്കെയായി മക്കയിലെത്തിയിരുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾക്കെല്ലാമാണ് പുതിയ സാഹചര്യത്തിൽ അറുതിയാവുന്നത്.
ഉപരോധം പൂർണമായും നീക്കുകയും കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ ഒഴിവാകുകയും ചെയ്താൽ തങ്ങൾക്ക് മുമ്പത്തെ പോലെ ഹജ്ജിനും ഉംറക്കുമെല്ലാം പുണ്യഭൂമിയിലെത്താമെന്ന സന്തോഷത്തിലാണ് ഖത്തർ പൗരന്മാരും അവിടെയുള്ള വിദേശികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.