ഖത്തർ-സൗദി ഏകോപന സമിതി യോഗം; രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തും
text_fieldsയാംബു: ഇരുരാജ്യങ്ങൾക്കുമിടയിൽ രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള ധാരണയോടെ ഖത്തർ-സൗദി ഏകോപന സമിതിയുടെ ഏഴാമത് യോഗം ദോഹയിൽ ചൊവ്വാഴ്ച സമാപിച്ചു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഖത്തർ അമീർ തമീം ബിൻ ഹമദ് ആൽഥാനിയുടെയും നേതൃത്വത്തിലാണ് യോഗം നടന്നത്. നിക്ഷേപം ഉൾപ്പെടെ വിവിധ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കാനുള്ള നടപടികൾ ചർച്ച ചെയ്തു.
പൊതുവിൽ ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും പുതിയ സംഭവവികാസങ്ങളും മേഖലയിലെ നിലവിലെ സാഹചര്യങ്ങളും യോഗം ചർച്ച ചെയ്തു. മേഖലയിൽ സുസ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കുന്നതിന് സഹായിക്കുന്ന എല്ലാ വിഷയങ്ങളിലെയും അഭിപ്രായങ്ങൾ കൈമാറി.
നിരവധി കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെച്ചു. സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, സഹമന്ത്രിയും കൗൺസിൽ അംഗവുമായ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ എന്നിവരും ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് അൽ അത്തിയ എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.
പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസൈദ് അൽ അയ്ബാൻ, വാണിജ്യ മന്ത്രി ഡോ. മജീദ് അൽ ഖസബി, നിക്ഷേപ മന്ത്രി എൻജി.ഖാലിദ് അൽ ഫാലിഹ്, ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ, സാമ്പത്തിക-ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹിം, മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി, ജനറൽ ഇൻറലിജൻസ് മേധാവി ഖാലിദ് അൽ ഹുമൈദാൻ, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാൻ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
ഖത്തർ ആഭ്യന്തര മന്ത്രിയും സേനാ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
ദോഹ വേദിയായ ഗൾഫ് സഹകരണ കൗൺസിലിന്റെ 44ാമത് സുപ്രീം കൗൺസിലിന്റെ ഏഴാമത് യോഗത്തിലും സൗദി പ്രതിനിധി സംഘം കിരീടാവകാശിയുടെ നേതൃത്വത്തിൽ പങ്കെടുത്തിരുന്നു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ നിർണായകമായ തീരുമാനമെടുക്കാനുള്ള ചർച്ചയും ജി.സി.സി വിഷയങ്ങളിൽ പ്രത്യേകം ധാരണ കൈക്കൊള്ളാനും ഈ യോഗം വഴിവെച്ചതായി വിവിധ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.