വർണപ്പകിട്ടിൽ മൂന്നാമത് ഖിമം അന്താരാഷ്ട്ര മേള
text_fieldsഅബഹ: വർണപ്പകിട്ടാർന്ന പരിപാടികളോടെ ലോകമെമ്പാടുമുള്ള പർവത ഗോത്ര പാരമ്പര്യകലാമേളയായ (മൗണ്ടയ്ൻ പെർഫോമിങ് ആർട്സ്) ഖിമം അന്താരാഷ്ട്ര മേളയുടെ മൂന്നാം പതിപ്പിന് അസീർ പ്രവിശ്യയിൽ തുടക്കമായി. തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് കമീഷൻ സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം ഞായറാഴ്ച അബഹയിലെ കിങ് ഖാലിദ് സർവകലാശാലയിലെ തിയറ്ററിൽ നടന്നു.
പരിപാടികൾ അസീർ പ്രവിശ്യയിലെ എട്ട് പുരാവസ്തു സ്ഥലങ്ങളിൽ ഈ മാസം 27 വരെ തുടരും. ഇൗ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള പർവത മേഖലകളിൽനിന്നുള്ള സമൂഹങ്ങളുടെ പൈതൃ ആഘോഷ പ്രകടനങ്ങൾക്ക് അസീർ സാക്ഷ്യം വഹിക്കും. 45 പ്രാദേശിക, അന്തർദേശീയ ഗ്രൂപ്പുകൾ 40 കലാരൂപങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പരമ്പരാഗത കലകളുടെ സൗന്ദര്യം പ്രദർശിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിൽ നിന്നും ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ കലാപരിപാടികൾ നടക്കും.
അസീർ പ്രവിശ്യയിലെ അംബരചുംബികളായ പർവതങ്ങളെ സംസ്കാരങ്ങളുടെയും അവയുടെ പൈതൃകത്തിെൻറയും ചൈതന്യത്താൽ വർണിക്കും. പൈതൃകവും ചരിത്രവും കൊണ്ട് സമ്പന്നമായ പാട്ടുകൾ, ഗോത്ര വസ്ത്രാലങ്കാരങ്ങൾ, കലകൾ എന്നിവയിലൂടെ വിവിധ സമൂഹങ്ങളുടെ തനത് പാരമ്പര്യങ്ങളുടെ വർണ വൈവിധ്യങ്ങളിലേക്ക് പ്രേക്ഷകരെ ആകർഷിക്കും. ദിവസവും വൈകീട്ട് നാലിന് ആരംഭിക്കുന്ന പരിപാടികൾ രാത്രി 11 വരെ നീണ്ടുനിൽക്കും. പ്രാചീന വസ്ത്രാലങ്കാരങ്ങൾ, അബഹ ലിറ്റററി ക്ലബ്ബിലെ വൈവിധ്യമാർന്ന പർവത കലകൾ, തൊഴിലുകൾ, വസ്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവേദനാത്മക സെമിനാറുകളും ശിൽപശാലകളും ഇതിൽ ഉൾപ്പെടും. സന്ദർശകർക്ക് പ്രദേശത്തെ തനതായ കലാപരമായ കാര്യങ്ങൾ, അതായത് പ്രാദേശിക ശിൽപ നിർമ്മാണം, പരമ്പരാഗത കലയായ സദു നെയ്ത്ത് എന്നിവയെക്കുറിച്ച് അറിയാനുള്ള അവസരവും ലഭിക്കും.
പർവതപ്രദേശങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കലാകായിക സംഘങ്ങളെ ആകർഷിക്കുക, പർവത കലകളെയും പാരമ്പര്യങ്ങളെയും കുറിച്ച് അവബോധം വളർത്തുക, തിയറ്റർ, പെർഫോമിങ് ആർട്സ് മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് അസീർ പ്രദേശത്തിെൻറ സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
ആദ്യദിവസം ഖമീസ് മുശൈത്തിലെ അമീർ സുൽത്താൻ റോഡിൽ നടന്ന പരിപാടികളിൽ 20 സൗദി ബാൻഡുകളും 25 അന്താരാഷ്ട്ര ബാൻഡുകളും പങ്കെടുത്തു. കാർണിവൽ മാർച്ച് അടക്കമുള്ള പരിപാടികൾ അരങ്ങേറി. കലാകാരന്മാർ സൗദിയിലെയും ഇതര രാജ്യങ്ങളിലെയും ഗിരി ഗോത്രങ്ങളുടെ 40 നിറവൈവിധ്യത്തിലുള്ള തനത് വസ്ത്രാലങ്കാരങ്ങളിൽ പാരമ്പര്യ കലാപരിപാടികൾ അവതരിപ്പിച്ചു. നിരവധി കലാപരിപാടികൾ അരങ്ങേറി. വിവിധ വർണങ്ങളിൽ അവതരിപ്പിച്ച പ്രാദേശിക കലാപരിപാടികൾക്ക് സദസ്സിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മേളയുടെ ആദ്യ രണ്ട് പതിപ്പുകൾ നേടിയ വിജയത്തിെൻറ തുടർച്ചയായി കൂടുതൽ വർണശബളമാക്കിയതാണ് മൂന്നാമത്തെ ഖിമം അന്താരാഷ്ട്ര മേളയെന്ന് തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അതോറിറ്റി സി.ഇ.ഒ സുൽത്താൻ അൽബസായ് പറഞ്ഞു. ഈ വർഷം 15 പെർഫോമിങ് ബാൻഡുകളെ ചേർത്തതായി അദ്ദേഹം പറഞ്ഞു. അവയിൽ നാല് സൗദി സംഘങ്ങളും 11 അന്താരാഷ്ട്ര സംഘങ്ങളുമുണ്ട്.
കഴിഞ്ഞ വർഷം 32 നിറങ്ങളിലുള്ള വസ്ത്രാലങ്കാരങ്ങളിലാണ് ഘോഷയാത്ര നടന്നതെങ്കിൽ ഇത്തവണ അത് 40 ആക്കി. സൗദിയുടെ സാംസ്കാരിക പൈതൃകം ഉയർത്താനും ആഗോള പ്രകടനകലാ പൈതൃകത്തിലേക്ക് പ്രേക്ഷകരെ ആനയിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മേളയുടെ പ്രവർത്തനങ്ങൾ വികസനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അൽബസായ് പറഞ്ഞു.
പ്രാദേശികവും അന്തർദേശീയവുമായ നാടകങ്ങളും മറ്റ് പ്രകടനകലകളും അസീർ പ്രവിശ്യയിൽ എട്ട് സ്ഥലങ്ങളിൽ ഒരുക്കുന്ന വേദികളിൽ അരങ്ങേറും. ബസ്ത അൽഖാബിൽ, ഷംസാൻ കോട്ട, ബിൻ അദ്വാനിലെ ചരിത്ര ഗ്രാമം, മാലിക്കി ചരിത്ര കൊട്ടാരം, ആലു മുശൈത്ത് കൊട്ടാരങ്ങൾ, ആലു അബുസ്വറാഹ് കൊട്ടാരങ്ങൾ, അബു നുകത്ത് അൽമത്ഹമി കൊട്ടാരങ്ങൾ, ബിൻ ഹംസാൻ ഗ്രാമം എന്നീ സ്ഥലങ്ങളിലാണ് ഈ പരിപാടികൾക്ക് അരങ്ങൊരുക്കുകയെന്നും അൽബസായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.