സ്വീഡനിലെ ഖുർആൻനിന്ദ: സൗദി അറേബ്യ അപലപിച്ചു
text_fieldsജിദ്ദ: സ്വീഡനിൽ ചില തീവ്രവാദികൾ ഖുർആൻ ബോധപൂർവം നിന്ദിക്കുകയും മുസ്ലിംകൾക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും അക്രമിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിനെ രാജ്യം അപലപിച്ചു. പകരം സംവാദത്തിന്റെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള യോജിച്ച ശ്രമമാണ് ഉണ്ടാവേണ്ടതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുകയും വിദ്വേഷം, തീവ്രവാദം, വംശീയമായ ആട്ടിയോടിക്കൽ എന്നിവയെ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. എല്ലാ മതങ്ങൾക്കും പുണ്യസ്ഥലങ്ങൾക്കും വിശുദ്ധ ഗ്രന്ഥങ്ങൾക്കും നേരെയുള്ള നിന്ദാപരമായ ചെയ്തികളെ തടയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ഖുർആന്റെ പകർപ്പുകൾ കത്തിക്കുമെന്ന് പ്രഖ്യാപിച്ച ഡാനിഷ്-സ്വീഡിഷ് പൗരനായ റാസ്മസ് പലുഡന്റെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ, ഇസ്ലാം വിരുദ്ധ പ്രസ്ഥാനത്തിന്റെ റാലിക്കിടെ തെക്കൻ സ്വീഡൻ കടുത്ത അക്രമത്തിന് സാക്ഷ്യം വഹിച്ചെന്നത് ഗൗരവതരമാണെന്നും കൂട്ടിച്ചേർത്തു. രാജ്യത്തെ പ്രബല സമൂഹമായ മുസ്ലിംകൾക്കെതിരെ വിദ്വേഷപ്രചാരണവുമായി റാസ്മസ് പലുഡ സ്വീഡനിൽ പര്യടനം നടത്തുകയാണ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട് ലിങ്കോപ് നഗരത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കഴിഞ്ഞ കുറച്ചുകാലമായി റാസ്മസ് ഇതുപോലെ പലയിടത്തും പ്രകോപനം സൃഷ്ടിക്കുകയും പല അക്രമ സംഭവങ്ങൾക്കും കാരണക്കാരനായി മാറിയിട്ടുണ്ട്. 2020 നവംബറിൽ അദ്ദേഹത്തെ ഫ്രാൻസിൽ അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു. ഇതിനിടെ, ബ്രസൽസിൽ ഖുർആൻ കത്തിച്ച് വിദ്വേഷം പരത്താൻ ശ്രമിച്ച അഞ്ചു പേരെ ബെൽജിയത്തിൽ അറസ്റ്റ് ചെയ്തു.
സ്വീഡനിൽ ചില തീവ്രവാദികൾ ഖുർആന്റെ പകർപ്പ് ദുരുപയോഗം ചെയ്തതിനെ സൗദിയിലെ മുതിർന്ന പണ്ഡിത കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. ഈ പെരുമാറ്റം അസംബന്ധവും പ്രാകൃതവുമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഖുർആന്റെ പകർപ്പിനെ അവഹേളിച്ചും മുസ്ലിംകൾക്കെതിരെ പ്രകോപനം സൃഷ്ടിച്ചും സ്വീഡനിൽ ചില തീവ്രവാദികൾ നടത്തുന്ന അസംബന്ധവും ലജ്ജാകരവുമായ പ്രവൃത്തിയെ മുസ്ലിംവേൾഡ് ലീഗും അപലപിച്ചു. വിദ്വേഷം വളർത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായ കാര്യങ്ങളിലെ അപകടങ്ങളെക്കുറിച്ച് മുസ്ലിംവേൾഡ് ലീഗ് മുന്നറിയിപ്പ് നൽകി.
അത് സമൂഹങ്ങളിൽ ശത്രുതയുടെയും വിഭജനത്തിന്റെയും വികാരം വർധിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെയും മാനുഷിക അർഥങ്ങളെയും വ്രണപ്പെടുത്തും. പിന്നിൽ തീവ്രവാദ അജണ്ടകളാണെന്നും മുസ്ലിംവേൾഡ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു. തീവ്രവാദം എല്ലാ സാഹചര്യങ്ങളിലും വെറുപ്പിനെയും വിദ്വേഷത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരം ഘട്ടങ്ങളിൽ കാര്യങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്യാൻ ആവശ്യപ്പെടുന്ന ഇസ്ലാമിക സമീപനങ്ങളെ മുറുകെ പിടിക്കണമെന്ന് സ്വീഡനിലും ലോകമെമ്പാടുമുള്ള മുസ്ലിംകളോടും മുസ്ലിംവേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ ആവശ്യപ്പെട്ടു.
സംഭവത്തിൽ അറബ് പാർലമെൻറ് അപലപിച്ചു. ഇസ്ലാമിനെയും അതിന്റെ പവിത്രതയെയും അവഹേളിക്കാൻ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ബാനർ ഉപയോഗിക്കുന്നതിനെ ശക്തമായി നിരസിക്കുകയാണ്. എല്ലാ മത മൂല്യങ്ങളോടും തത്ത്വങ്ങളോടും അടിസ്ഥാന മനുഷ്യാവകാശതത്ത്വങ്ങളോടും പൊരുത്തപ്പെടാത്തതാണതെന്നും അറബ് പാർലമെൻറ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.