ഖുർആൻ കത്തിച്ച സംഭവം;ഒ.ഐ.സി അടിയന്തര യോഗം ഇന്ന് ജിദ്ദയിൽ
text_fieldsജിദ്ദ: ഖുർആൻ കത്തിച്ച സംഭവത്തിൽ തിങ്കളാഴ്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒ.ഐ.സി) ജിദ്ദയിൽ അടിയന്തര യോഗം ചേരും. ഡെന്മാർക്കിലടക്കം തുടരെ പ്രകോപനമുണ്ടാക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ജിദ്ദയിലെ ഒ.ഐ.സിയുടെ ആസ്ഥാന മന്ദിരത്തിലാണ് യോഗം. നേരിട്ടെത്താൻ സാധിക്കാത്തവർ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. യൂറോപ്യൻ രാജ്യങ്ങളിൽ തുടരെ വിശുദ്ധ ഗ്രന്ഥം കത്തിക്കുകയും കീറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിട്ടുള്ളത്. പ്രകോപനം സൃഷ്ടിക്കുന്ന ഇത്തരം നടപടികളോട് എന്തു സമീപനം സ്വീകരിക്കണമെന്നത് യോഗത്തിൽ തീരുമാനിക്കും.
സ്വീഡനിൽ ഖുർആൻ കത്തിച്ച സാഹചര്യത്തിൽ കഴിഞ്ഞ ജൂലൈ രണ്ടിന് ഒ.ഐ.സി ജിദ്ദയിൽ യോഗം ചേർന്നിരുന്നു. അതിന്റെ തുടർച്ചയായാണ് മറ്റു രാജ്യങ്ങളിലും സമാന സംഭവം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും യോഗം വിളിച്ചുചേർക്കുന്നത്. ഒ.ഐ.സിയുടെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹീം ത്വാഹയായിരിക്കും യോഗത്തിന് അധ്യക്ഷത വഹിക്കുക.
ഇതിനിടെ ജറൂസലമിൽ ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയുടെ നേതൃത്വത്തിൽ അൽ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറിയ സംഭവം അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണിതെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. ഇത്തരം പ്രകോപനപരമായ നടപടികളെ സൗദി ശക്തമായി അപലപിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ ഈ അധിനിവേശ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട വിധം പ്രതികരിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.