ഖുർആൻ കോപ്പി കത്തിച്ചത് 150 കോടി മുസ്ലിംകളെ പ്രകോപിപ്പിക്കാൻ -ഗ്രാൻഡ് മുഫ്തി
text_fieldsറിയാദ്: സ്വീഡനിൽ ഖുർആൻ കോപ്പി കത്തിച്ചത് 150 കോടി മുസ്ലിംകളെ പ്രകോപിപ്പിക്കാനാണെന്നും ഇത് കലാപത്തിനും തീവ്രവാദത്തിനും എണ്ണപകരുന്ന നടപടിയാണെന്നും സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ പ്രസിഡൻറുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖ്. സ്വീഡനിലെ സ്റ്റോക്ഹോമിൽ തുർക്കി എംബസിക്ക് മുന്നിൽ നടന്നത് തികച്ചും അപമാനകരവും നീചവുമായ പ്രവൃത്തിയാണ്. സംഘർഷത്തിന് ആക്കം കൂട്ടുകയും തീവ്രവാദത്തിന്റെ വക്താക്കളെ സഹായിക്കുകയുമാണിത് ചെയ്യുക.
ഖുർആന്റെ കോപ്പി കത്തിക്കാൻ തീവ്രവാദിയെ അനുവദിച്ച സ്വീഡിഷ് അധികാരികളുടെ നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെ ഗ്രാൻഡ് മുഫ്തി അഭിനന്ദിച്ചു. ഖുർആൻ കത്തിച്ച നടപടിയെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവർക്കെതിരെ ഉറച്ചതും ശക്തവുമായ നിലപാട് സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
നിഷ്ഠുരവും പ്രകോപനപരവുമായ ഇത്തരം സമ്പ്രദായങ്ങൾ വിശ്വാസികളുടെ ഹൃദയത്തിൽ ഖുർആനുള്ള വിശ്വാസം വർധിപ്പിക്കുകയാണ് ചെയ്യുകയെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. കാരണം ഖുർആൻ നിയമനിർമാണത്തിന്റെയും ശരിയായ സമീപനത്തിന്റെയും ഉറവിടമാണ്. രാജ്യങ്ങൾ തമ്മിലുള്ള സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ അതിലുണ്ട്.
ഖുർആൻ മുറുകെപ്പിടിക്കാനും നേതൃത്വങ്ങൾക്കുപിന്നിൽ അണിനിരക്കാനും അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. വിദ്വേഷം, തീവ്രവാദം, അക്രമം എന്നിവ നേരിടുന്നതിൽ വിവേകത്തോടെയും ഐക്യത്തോടെയും നിലകൊള്ളണമെന്നും അദ്ദേഹം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.