രാജാവിന്റെ അതിഥി തീർഥാടകർ ഖുർആൻ അച്ചടി സമുച്ചയം സന്ദർശിച്ചു
text_fieldsമദീന: ഇത്തവണ ഹജ്ജിനെത്തിയ സൽമാൻ രാജാവിന്റെ അതിഥികൾ മദീനയിലെ കിങ് ഫഹദ് ഖുർആൻ അച്ചടി സമുച്ചയം സന്ദർശിച്ചു. മദീനയിലെത്തുന്ന ഖാദിമുൽ ഹറമൈൻ ഹജ്ജ് പദ്ധതിക്ക് കീഴിലെ അതിഥികൾക്കായി മതകാര്യ മന്ത്രാലയം ഒരുക്കിയ സാംസ്കാരിക പര്യടനത്തിന്റെ ഭാഗമായാണിത്. ലോകമെമ്പാടുമുള്ള 88 രാജ്യങ്ങളിൽനിന്നുള്ള പുരുഷന്മാരും സ്ത്രീകളുമായ 3,322 തീർഥാടകരാണ് സൽമാൻ രാജാവിന്റെ അതിഥികളായി ഇത്തവണ ഹജ്ജിനെത്തിയത്.
സമുച്ചയം സന്ദർശിച്ച അതിഥികൾ ഖുർആൻ അച്ചടിച്ച് വിശുദ്ധ ഗ്രന്ഥത്തെ സേവിക്കുന്നതിനും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മുസ്ലിംകൾക്ക് അവ വിതരണം ചെയ്യുന്നതിനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ വിശദമായി കേട്ടു. ഖുർആൻ അച്ചടിയുടെ ഘട്ടങ്ങളും അതിന്റെ വിവർത്തനങ്ങളും അവർ കണ്ടു. കഴിഞ്ഞ വർഷങ്ങളിൽ ഖുർആൻ അച്ചടിക്കുന്നതിനായി കിങ് ഫഹദ് സമുച്ചയം കൈവരിച്ച വലിയ കുതിച്ചുചാട്ടത്തെ അതിഥികൾ പ്രശംസിച്ചു. കിങ് ഫഹദ് കോംപ്ലക്സിന്റെ ഖുർആൻ പതിപ്പുകൾ ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും ലോകത്തിലെ ദശലക്ഷക്കണക്കിന് മുസ്ലിംകൾക്ക് ഇത് സേവനം നൽകുന്നുവെന്നും അതിഥികൾ പറഞ്ഞു. കൂടാതെ മദീനയിലെ പ്രവാചക ജീവചരിത്രത്തിന്റെ ഇസ്ലാമിക നാഗരികതയുടെയും പ്രദർശനവും അന്താരാഷ്ട്ര മ്യൂസിയവും അതിഥികൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.