വിമാനത്താവള നടത്തിപ്പിൽ അടിമുടി മാറ്റം
text_fieldsജിദ്ദ: സൗദി അറേബ്യയിലെ 25 വിമാനത്താവളങ്ങളിൽ അടിമുടി മാറ്റം. സ്ഥാപനപരമായ പരിവർത്തന നടപടികൾ പൂർത്തിയാക്കിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് കീഴിലുള്ള എയർപോർട്ട് ഹോൾഡിങ് കമ്പനി പ്രഖ്യാപിച്ചു. ജിദ്ദ എയർപോർട്സ്, സെക്കൻഡ് എയർപോർട്ട് ക്ലസ്റ്റർ എന്നീ പേരുകളിൽ രണ്ട് കമ്പനികൾ ആരംഭിക്കുകയും ചെയ്തു. പ്രഖ്യാപനവും പുതിയ കമ്പനികളുടെ ഉദ്ഘാടനവും റിയാദിൽ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിൽ ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസറിെൻറ നേതൃത്തിൽ നടന്നു. നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
നിയമനിർമാണത്തെ പ്രായോഗികവത്കരണ നടപടികളിൽനിന്ന് വേർതിരിക്കുന്നതിനുള്ള രാജകീയ ഉത്തരവ് നടപ്പാക്കുന്നതിെൻറ ഭാഗമാണിത്.
ഗുണഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ ഒരുക്കൽ, പ്രവർത്തനക്ഷമത വർധിപ്പിക്കൽ, രാജ്യത്തെ വിമാനത്താവളങ്ങളെ ലോകത്തെ മുൻനിര വിമാനത്താവളങ്ങളാക്കി മാറ്റൽ, ദേശീയ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും മൊത്ത ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്ന നിക്ഷേപ അവസരങ്ങൾ ഒരുക്കൽ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ വിമാനത്താവളങ്ങൾ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രാലയത്തിെൻറയും സിവിൽ ഏവിയേഷൻ മേഖലയുടെയും പദ്ധതികളെ പിന്തുണക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായ വിമാനത്താവളങ്ങളുടെ സ്ഥാപനപരമായ പരിവർത്തനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് എൻജി. അൽജാസർ ഊന്നിപ്പറഞ്ഞു.
ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിൽ ഇതു വലിയ പങ്കുവഹിക്കും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് പ്രഖ്യാപിച്ച ദേശീയ ഗതാഗത-ലോജിസ്റ്റിക് സ്ട്രാറ്റജിയെ മന്ത്രി പ്രശംസിച്ചു. എയർപോർട്ട് ഹോൾഡിങ് കമ്പനി, അതിെൻറ അനുബന്ധസ്ഥാപനങ്ങൾ വഴിയും രാജ്യത്തെ വിമാനത്താവള സേവനങ്ങൾ നവീകരിക്കാൻ അതോറിറ്റി നടത്തിയ മികച്ച ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ജിദ്ദ എയർപോർട്സ്, എയർപോർട്ട് ക്ലസ്റ്റർ ടു എന്നീ രണ്ട് കമ്പനികളുടെ സമാരംഭമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറിെൻറ ഉപദേശകൻ എൻജി. സുലൈമാൻ ബിൻ അഹമ്മദ് അൽബസാ പറഞ്ഞു.
വിമാനത്താവളങ്ങൾ വ്യോമഗതാഗത വ്യവസായത്തിെൻറ ആണിക്കല്ലായതിനാൽ സൗദി വിമാനത്താവളങ്ങളെ ആധുനികമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഇത് ഒരു പ്രധാന പങ്കുവഹിക്കും. വിമാനത്താവളങ്ങൾക്കിടയിലെ മത്സരക്ഷമതയും ഉൽപാദനക്ഷമതയും വർധിപ്പിക്കുക, സാമ്പത്തിക വരുമാനം മെച്ചപ്പെടുത്തുക, സൗദി വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുക, രാജ്യത്തെ വിമാനത്താവളങ്ങളുടെ ശേഷി പ്രതിവർഷം 330 ദശലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളുന്നതായി ഉയർത്തുക, ശേഷി വർധിപ്പിക്കുക എന്നിവയാണ് ഈ സുപ്രധാന നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും പുതിയ സവിശേഷതകളോടും ഉയർന്ന അന്തർദേശീയ നിലവാരത്തോടും കൂടി വികസിപ്പിച്ച് നടത്തിപ്പിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനാണ് 'ജിദ്ദ എയർപോർട്സ് കമ്പനി' സ്ഥാപിക്കുന്നതെന്ന് എയർപോർട്ട് ഹോൾഡിങ് കമ്പനി സി.ഇ.ഒ എൻജി. മുഹമ്മദ് അൽ മുവക്ലി വിശദീകരിച്ചു.
രാജ്യത്തെ 22 വിമാനത്താവളങ്ങൾ 'സെക്കൻഡ് എയർപോർട്ട് ക്ലസ്റ്റർ' കമ്പനി നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.