മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് റഫീഖ് സിറ്റി മടങ്ങുന്നു
text_fieldsജിദ്ദ: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സാമൂഹിക പ്രവർത്തകൻ റഫീഖ് സിറ്റി മടങ്ങുന്നു. ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം 1988ൽ റാഷിദ് അബ്ദുറഹ്മാൻ റാശിദ് കമ്പനിയിൽ ഓഫിസ് അസിസ്റ്റന്റായിട്ടാണ് ബോംബെ വഴി ജിദ്ദയിലെത്തുന്നത്.
10 വർഷത്തെ കമ്പനിയിലെ സർവിസിനുശേഷം സ്വന്തമായി വല്ലതും തുടങ്ങണമെന്ന ആഗ്രഹത്താൽ വിസ കാൻസൽ ചെയ്ത് നാട്ടിലെത്തി മറ്റൊരു വിസയിൽ ജിദ്ദയിൽ തിരിച്ചെത്തി. തനിക്ക് പരിചയമുള്ള ടെക്സ്റ്റൈൽ മേഖലയിൽ ബലദിലും ശറഫിയയിലും ജോലിചെയ്തു. കഴിഞ്ഞ 13 വർഷമായി ശറഫിയയിൽ സ്വന്തമായി ജെൻസ് ടെക്സ്റ്റൈൽ ആൻഡ് ടൈലറിങ് നടത്തിവരുകയാണ് റഫീഖ്.
നാട്ടിൽ മുസ്‍ലിംലീഗ് പ്രവർത്തകനായിരുന്നതുകൊണ്ട് ജിദ്ദയിൽ കെ.എം.സി.സിയുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തനത്തിൽ സജീവമായി. ബനിമാലിക്ക് ഏരിയ കെ.എം.സി.സി കമ്മിറ്റിയിലായിരുന്നു തുടക്കം. ശേഷം 28 വർഷംമുമ്പ് ജിദ്ദയിൽ കണ്ണൂർ ജില്ല കെ.എം.സി.സി കമ്മിറ്റി രൂപവത്കരണ പ്രവർത്തനത്തിൽ പ്രധാന പങ്കുവഹിച്ചു. കണ്ണൂർ ജില്ല കെ.എം.സി.സി കമ്മിറ്റിയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ചു.
കണ്ണൂർ വാരം സി.എച്ച് സെന്റർ ജിദ്ദ ചാപ്റ്റർ പ്രസിഡന്റായും പ്രവർത്തിച്ചു. 27 വർഷം മുമ്പ് ജിദ്ദയിലെ കണ്ണൂർക്കാരുടെ കൂട്ടായ്മയായ കണ്ണൂർ വെൽഫെയർ ഫോറം രൂപവത്കരിക്കാനും ഇദ്ദേഹം മുൻനിരയിൽനിന്ന് പ്രവർത്തിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ് തന്റെ പ്രവാസ ജീവിതത്തിലെ ആത്മസംതൃപ്തിയെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ജിദ്ദ കണ്ണൂർ ജില്ല കെ.എം.സി.സി ചെയർമാൻ, ശറഫിയ സിറ്റി കെ.എം.സി.സി വൈസ് പ്രസിഡന്റ്, കണ്ണൂർ സിറ്റി ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കുന്നു.
ഭാര്യ: മുതാസ്. മക്കൾ: റഫ്ന, റമീസബാനു, റിസ് വാൻ. ശിഷ്ടകാലം കുടുംബത്തോടൊപ്പവും രാഷ്ട്രീയ പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും തുടരണമെന്ന ആഗ്രഹത്തോടെയാണ് തിരിച്ചുപോക്ക്. ഈ മാസം അവസാനത്തോടെ നാട്ടിലേക്ക് തിരിക്കുന്ന റഫീഖ് സിറ്റിയുമായി 0507783820 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.