റാഫി പാങ്ങോടിന്റെ ‘മണൽ ചുഴികൾ’ പുസ്തകം പ്രകാശനം ചെയ്തു
text_fieldsറിയാദ്: സാമൂഹിക പ്രവർത്തകനായ റാഫി പാങ്ങോടിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘മണല്‍ ചുഴികള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ ഡോ. കെ.ആർ. ജയചന്ദ്രൻ എഴുത്തുകാരന് ജോസഫ് അതിരുങ്കലിന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. റാഫിയുടെ സാമൂഹികപ്രവർത്തന രംഗങ്ങളിൽ കടന്നുപോയ സംഭവങ്ങളെ കുറിച്ച് ഹൃദയം തൊടുന്ന ഭാഷയിൽ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സാഹിത്യത്തിന്റെ ഉപമാലങ്കാരങ്ങളും പദമേദസ്സുകളുമൊന്നും കലരാത്ത എഴുത്ത് വളരെ വായനാക്ഷമമാണെന്നും ഡോ. കെ.ആർ. ജയചന്ദ്രൻ പറഞ്ഞു. പ്രവാസത്തിന്റെ ഇരണ്ട ഇടനാഴികളിൽ കൂടി ചിലപ്പോൾ ചിലർ സഞ്ചരിക്കാറുണ്ടെന്നും അവിടെ വെളിച്ചം നൽകാനായി ചിലർ പ്രവാസ ലോകത്ത് വേറിട്ട മുഖമായി നിൽക്കാറുണ്ടെന്നും അതിലൊരാളാണ് റാഫി പാങ്ങോട് എന്നും ജോസഫ് അതിരുങ്കല്‍ പറഞ്ഞു.
മാധ്യമ പ്രവര്ത്തകന് വി.ജെ. നസറുദ്ദീൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ, അബ്ദിയ ഷഫീനാസ് അൽ അക്രം, നിഖില സമീര്‍, അബ്ദുൽ അസീസ് പവിത്ര, സുധീർ കുമ്മിൾ, അഡ്വ. ജലീൽ, സലിം ആർത്തിയിൽ. സുലൈമാൻ ഊരകം, ഹരികൃഷ്ണൻ കണ്ണൂർ, ഡാനി, രാജു പാലക്കാട്, സുനീർ കുമ്മിൾ, ഷിബു പത്തനാപുരം, ടോം, ഷഹനാസ്, ഷാജി മഠത്തിൽ, ഷാജഹാൻ കാഞ്ഞിരപ്പള്ളി, അയൂബ് കരൂപ്പടന്ന, സാജൻ വള്ളക്കടവ്, സിദ്ദീഖ് കല്ലുപറമ്പന്, ജലീൽ ആലപ്പുഴ, സുധീർ പാലക്കാട്, കായംകുളം നിഷാദ്, മുന്ന അയൂബ്, നിബു ഹൈദർ, ബഷീർ മുസ്ലിയാരകം, നൗഷാദ് മറിമായം, റഷീദ് മൂവാറ്റുപുഴ, നസീർ കുമ്മിൾ, ഉണ്ണി കൊല്ലം, അഷ്റഫ് ചേലാമ്പറ, ഹുസൈൻ വട്ടിയൂർക്കാവ് തുടങ്ങിയവർ സംസാരിച്ചു.
മറുപടി പ്രസംഗം നടത്തിയ റാഫി പാങ്ങോട് മരുഭൂമികളില്‍ അകപ്പെട്ട മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരെ രക്ഷിച്ചുകൊണ്ടുവന്ന് നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തിയാണ് ജീവിതത്തിൽ ബാക്കിയാവുന്നതെന്നും തന്റെ പുസ്തകം വിറ്റ് കിട്ടുന്ന മുഴുവൻ പണവും ഗൾഫ് മലയാളി ഫെഡറേഷൻ എന്ന സംഘടനയുടെ സന്നദ്ധപ്രവർത്തനത്തിനായി മാറ്റിവെക്കുമെന്നും പറഞ്ഞു. ജയൻ കൊടുങ്ങല്ലൂർ സ്വാഗതവും സുധീർ വള്ളക്കടവ് നന്ദിയും പറഞ്ഞു. പൂർണ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.