റഹീം മോചനഫണ്ട് സമാഹരണം; റിയാദ് കെ.എം.സി.സി ദശദിന കാമ്പയിൻ പ്രഖ്യാപിച്ചു
text_fieldsറിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനുള്ള ദിയാ ധനത്തിനു വേണ്ടി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ദശദിന കാമ്പയിൻ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ ഒന്നുമുതൽ 10 വരെയാണ് കാമ്പയിൻ. ഇക്കാലയളവിനുള്ളിൽ പരമാവധി പണം സ്വരൂപിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങും. കെ.എം.സി.സിയുടെ ജില്ല, ഏരിയ, നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വിപുല ഫണ്ട് സമാഹരണം നടക്കുക. ഓരോ ആളുകളെയും സമീപിക്കുന്ന രീതിയിലാണ് കാമ്പയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. റഹീമിന്റെ മോചനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യേണ്ടതുണ്ടെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹം കൈകോർത്താൽ അതിവേഗം ലക്ഷ്യം കാണാം. വ്യവസായ വാണിജ്യ രംഗത്തുള്ള മുഴുവൻ ഇന്ത്യക്കാരുടെയും സഹായം ഉറപ്പു വരുത്താൻ കഴിയണം. റിയാദിൽ പ്രവർത്തിക്കുന്ന മുഴുവൻ സന്നദ്ധ സംഘടനകളും ഈ ദൗത്യത്തിൽ പങ്കാളികളാവണമെന്നും യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. ഫിത്ർ സക്കാത് സംഭരണവും വിതരണവും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ അർഹരായ ആളുകളിലേക്കെത്തിക്കാനായി വിപുല ഒരുക്കങ്ങൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.
നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വെള്ളേപ്പാടം, സത്താർ താമരത്ത്, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, പി.സി. അലി, നജീബ് നല്ലാങ്കണ്ടി, ഷാഫി തുവ്വൂർ, സിറാജ് മേടപ്പിൽ, പി.സി. മജീദ്, ജില്ലാ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി സെഞ്ച്വറി, അഷ്റഫ് മീപ്പീരി, റാഫി പയ്യാനക്കൽ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും അബ്ദുറഹ്മാൻ ഫറൂഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.