റഹീം കേസ്; ഒരു അഭിഭാഷകന്റെ കേസ് ഡയറി
text_fieldsറിയാദ്: സൗദി നിയമവിദഗ്ധൻ ഒസാമ അൽ അമ്പർ എന്ന അബു ഫൈസലിന്റെ കേസ് ഡയറിയിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റേത് ഉൾപ്പെടെ ഇന്ത്യക്കാരുടെ താളുകളാണ് കൂടുതൽ. അതിൽ തന്നെ ഏറെയും മലയാളികളുടേതാണ്. അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള കോടതിവിധിക്ക് ശേഷം ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അബു ഫൈസൽ തന്റെ മനസ്സും കേസ് ഡയറിയും തുറന്നത്.
മലയാളികൾക്ക് ക്രിമിനൽ ബുദ്ധി കുറവാണെന്ന പക്ഷക്കാരനാണ് അദ്ദേഹം. നിയമത്തെക്കുറിച്ചുള്ള അജ്ഞതയാലും അബദ്ധത്താലും കേസുകളിൽ പെട്ടുപോകുന്നവരാണ് മലയാളികളിൽ അധികവും. ഇതുവരെ ഇടപെട്ട എല്ലാ മലയാളികളുടെ കേസുകളിലും തന്റെ അനുഭവം അതാണെന്ന് അദ്ദേഹം പറയുന്നു. ഏറ്റവും ഒടുവിൽ തന്റെ അടുത്തെത്തിയ കേസ് തിരുവനന്തപുരം സ്വദേശിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടതായിരുന്നു. കേസ് പഠിച്ചുവന്നപ്പോൾ അയാൾ ചതിക്കപ്പെട്ടതാണ്. കോടതിയെ അക്കാര്യം ബോധിപ്പിക്കാനും കേസിന്റെ കുരുക്കഴിച്ച് അയാളെ ജയിൽ മോചിതനാക്കാനും സാധിച്ചു. മനപ്പൂർവമുള്ള കുറ്റകൃത്യമാണെന്ന് ബോധ്യമായാൽ ആ കേസിന്റെ വക്കാലത്ത് അബു ഫൈസൽ ഏറ്റെടുക്കില്ല. എന്നാൽ എല്ലാ അഭിഭാഷകരും അങ്ങനെയാവണമെന്നില്ലെന്നും തന്റെ നിലപാടിനെ കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
2014-ലാണ് റിയാദിലെ മലയാളി ജീവകാരുണ്യപ്രവർത്തകനായ സിദ്ദീഖ് തുവ്വൂരിനെ ഒരു കേസിനിടെ പരിചയപ്പെടുന്നത്. അതിനുശേഷം മലയാളി ജീവകാരുണ്യ പ്രവർത്തകർക്കിടയിൽ സുപരിചിതനായി മാറി അബു ഫൈസൽ. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന അബ്ദുൽ റഹീമിന്റെ കേസിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നത് ഏറെ വൈകിയാണ്. എന്നാൽ അതിനുശേഷം അദ്ദേഹം നടത്തിയ ചടുല നീക്കങ്ങൾ കേസിനെ വേഗത്തിൽ ശുഭകരമായ ഒരു അന്ത്യത്തിലെത്തിച്ചു. പണം സമാഹരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ പ്രവൃത്തിദിവസം തന്നെ കോടതിയിൽ ഓൺലൈനായി ഹരജി സമർപ്പിച്ചു. പിന്നീട് ഓരോ ഘട്ടത്തിലും വധശിക്ഷ റദ്ദ് ചെയ്ത വിധിയുണ്ടാകും വരെ അക്ഷീണം കേസിന്റെ പിറകിലായിരുന്നു. വധശിക്ഷ റദ്ദാക്കപ്പെട്ടതോടെ ഇനി റഹീമിനെ ജയലിൽനിന്ന് പുറത്തെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. കേസിലെ സ്വകാര്യ അവകാശമാണ് ദിയാധനം എന്ന ഉപാധിയിന്മേൽ മാപ്പ് നൽകപ്പെട്ടതോടെ അവസാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ റദ്ദ് ചെയ്തത്. ഇനി അവശേഷിക്കുന്ന പബ്ലിക് റൈറ്റ്സാണ്. അത് പൂർത്തിയാകാൻ പബ്ലിക് പ്രോസിക്യൂഷൻ റഹീമിന്റെ ഫയലുകൾ കോടതിയിലെത്തിക്കണം. കോടതി ഫയൽ പരിശോധിച്ചതിനു ശേഷം വിധി പറയും. അതോടെ മോചന ഉത്തരവുമുണ്ടാകും. അതും കൂടി പൂർത്തിയായാൽ റഹീം കേസിന് പരിസമാപ്തിയാകുമെന്ന് അബു ഫൈസൽ പറഞ്ഞു.
റഹീം നാട്ടിലെത്തിയാൽ കേരളത്തിൽ പോകണമെന്നുണ്ടെന്ന് അബു ഫൈസൽ പറയുന്നു. റഹീമിന്റെ വീട്ടിലെത്തി മാതാവിനെയും കുടുംബത്തെയും സന്ദർശിക്കണമെന്നും ആഗ്രഹമുണ്ട്. മുമ്പ് ഇതുപോലെയൊരു കേസ് അവസാനിച്ചതിന് പിറകെ കേരളത്തിൽ പോയിരുന്നു. കേരളത്തിലെ പല ജില്ലകളിൽനിന്നുള്ള ചെറുപ്പക്കാരുൾപ്പെട്ട ഒരു കേസായിരുന്നു. എല്ലാവരും ചതിക്കപ്പെട്ട് ജയിലിലായതായിരുന്നു. ആ കേസ് ഏറ്റെടുത്ത് വാദിച്ചു സത്യം തെളിയിച്ച് ജയിൽ മോചിതരാക്കി. തുടർന്ന് കേരളത്തിൽ പോയപ്പോൾ ആ ചെറുപ്പകാരുടെ വീടുകൾ സന്ദർശിക്കണമെന്ന ആഗ്രഹമുണ്ടായി. അങ്ങനെ കോഴിക്കോട് സ്വദേശിയുടെ വീട്ടിൽ പോയി. തീരെ ചെറിയ വീട്, സാമ്പത്തികമായി കടുത്ത ഞെരുക്കമുണ്ടെന്ന് ആ പരിസരം എന്നോട് പറഞ്ഞു.
അവരുടെ കൈയിൽനിന്ന് വക്കീൽ ഫീസ് വാങ്ങിയത് ശരിയായില്ലെന്ന് തന്റെ മനസ്സ് പറഞ്ഞു. തിരിച്ചെത്തി കേസിന് വേണ്ടി ചെലവായത് മാത്രമെടുത്ത് അന്ന് ഫീസായി സ്വീകരിച്ച ബാക്കി തുക മുഴുവനായി അയച്ചുകൊടുത്തെന്ന് അദ്ദേഹം പറയുന്നു. ജീവകാരുണ്യ പ്രവർത്തകർക്ക് മടുപ്പും മടിയുമില്ലാതെ സഹായം നൽകുന്നതിന് അബു ഫൈസൽ സദാ സന്നദ്ധനാണ്. റഹീം കേസിലും അദ്ദേഹത്തിന്റെ പല ഇടപെടലുകളും വലിയ സഹായമായിട്ടുണ്ടെന്ന് പൊതുപ്രവർത്തകനും റഹീം സഹായസമിതി വൈസ് ചെയർമാനുമായ മുനീബ് പാഴൂർ പറഞ്ഞു.
അൽ ഖർജിലുണ്ടായിരുന്ന ഒരു കേസിൽ നിരവധി തവണയാണ് റിയാദിൽനിന്നും അബു ഫൈസൽ നേരിട്ട് ഹാജരായത്. അതൊരു പാവപ്പെട്ട പ്രവാസിയുടെ കേസായിരുന്നു. യാത്രാച്ചെലവ് മാത്രമാണ് അതിനായി വാങ്ങിയത്. സാമൂഹിക പ്രതിബദ്ധതയിലൂന്നി പ്രവർത്തിക്കുന്ന നിയമവിദഗ്ധരിൽ ഒരാളാണ് അബു ഫൈസൽ എന്ന് സിദ്ദീഖ് തുവ്വൂരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.