റഹീം കേസ്: അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു; ഇനി മോചനത്തിനായുള്ള നടപടികൾ
text_fieldsറിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന്റെ അവസാന ഘട്ടമായ അനുരഞ്ജന കരാറിൽ അനന്തരാവകാശികൾ ഒപ്പുവെച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇരുവിഭാഗവും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പുവെച്ചത്.
എംബസി ഉദ്യോഗസ്ഥർക്കൊപ്പം റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂരും ഗവർണറേറ്റിൽ എത്തിയിരുന്നു. ദിയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്കും ഗവർണറേറ്റിന് കൈമാറി. അനുരഞ്ജന കരാറെന്ന സുപ്രധാന നടപടി പൂർത്തിയായതോടെ വക്കീലിനുള്ള ചെക്ക് സഹായ സമിതി ചെയർമാൻ സി.പി മുസ്തഫയും കൈമാറി. ഇതോടെ അബ്ദുൽ റഹീം കേസിലെ പുറത്ത് നിന്നുള്ള എല്ലാ നടപടിക്രമങ്ങളും അവസാനിച്ചതായി സഹായ സമിതി അറിയിച്ചു.
ഇനി അനുരഞ്ജന കരാറും ചെക്കും ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റ് കോടതിയിലേക്ക് കൈമാറും. അപ്പോഴേക്കും ഇരു വിഭാഗം വക്കീലുമാരും കോടതിയുടെ സമയം തേടും. എല്ലാ രേഖകളും പരിശോധിച്ചായിരിക്കും കോടതി സിറ്റിങ്ങിന് സമയം അനുവദിക്കുക. കോടതി സമയം അനുവദിക്കുന്ന ദിവസം വധ ശിക്ഷ റദ്ദ് ചെയ്യലും മോചനവും ഉൾപ്പടെയുള്ള വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.
പെരുന്നാൾ അവധിക്ക് മുമ്പ് കോടതി സമയം അനുവദിച്ചാൽ ബലി പെരുന്നാൾ കഴിഞ്ഞ് വൈകാതെ തന്നെ മോചനം സാധ്യമാകുമെന്ന ശുഭപ്രതീക്ഷയിലാണ് റിയാദ് റഹീം സഹായ സമിതിയും പൊതുസമൂഹവും. ഇനി കോടതിയുടെ നടപടിക്രമങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്. റഹീമിന്റെ മോചനമെന്ന ദീർഘകാല പരിശ്രമത്തിന് വൈകാതെ ശുഭാന്ത്യമുണ്ടാകാൻ ഇത് വരെയുണ്ടായ പിന്തുണയും പ്രാർഥനയും തുടരണമെന്ന് സഹായ സമിതി ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.